'ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല'; സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
|രാഷ്ട്രീയത്തിൽ ശുദ്ധീകരണം ആവശ്യമുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിൽ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
അപകീർത്തി കേസിലാണ് ഗുജറാത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിക്ക് സ്‌റ്റേ നിഷേധിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവിച്ചത് . സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താത്തതിനാൽ രാഹുൽ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിക്കില്ല. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം.പ്രച്ചാക്കാണ് വിധി പറഞ്ഞത്. സമാനമായ നിരവധി പരാതികൾ രാഹുലിനെതിരെ ഉണ്ടെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്.
രാഹുൽ ഗാന്ധിക്കെതിരെ 10 കേസുകളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സവർക്കറെ ആക്ഷേപിച്ചതിലും കേസുണ്ടെന്നും സവർക്കറുടെ കൊച്ചുമകനാണ് കേസ് നൽകിയിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയത്തിൽ ശുദ്ധീകരണം ആവശ്യമുണ്ടെന്നും അതുകൊണ്ട് തന്നെ സ്റ്റേ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, എ.ഐ.സി.സി ആസ്ഥാനത്ത് രാഹുൽ ഗാന്ധിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ എത്തിയിരുന്നു.
2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.