India
Rahul Gandhi Didnt Attend Ram Temple Event For Fear Of Losing Vote Bank: Amit Shah
India

"രാഹുൽ ഗാന്ധി രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാഞ്ഞത് വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ"; അമിത് ഷാ

Web Desk
|
13 May 2024 4:00 PM GMT

സൗത്ത് മുംബൈയിൽ മുസ്‌ലിംകൾക്ക് ആധിപത്യമുള്ള 'ഭേണ്ടി ബസാർ' പരാമർശിച്ചാണ് അമിത് ഷായുടെ പ്രസ്താവന

മുംബൈ: രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാഞ്ഞത് വോട്ട് കുറയുമോ എന്ന പേടിയിൽ ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് മുംബൈയിൽ മുസ്‌ലിംകൾക്ക് ആധിപത്യമുള്ള 'ഭേണ്ടി ബസാർ' പരാമർശിച്ചാണ് അമിത് ഷായുടെ പ്രസ്താവന.

"ഭേണ്ടി ബസാറിലെ മുസ്‌ലിം വോട്ടുകൾ കുറയാതിരിക്കാനാണ് രാഹുൽ ഗാന്ധി അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. അദ്ദേഹത്തിന് അവിടേക്ക് ക്ഷണമുണ്ടായിരുന്നു. ബിജെപിക്ക് എന്തായാലും അങ്ങനൊരു ഭയമില്ല. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് കോൺഗ്രസ് എതിരായിരുന്നു. ഇതേപോലെയുള്ള പ്രീണന രാഷ്ട്രീയം തന്നെ ആയിരുന്നു അതും. പൗരത്വ ഭേദഗതി നിയമത്തെയും അവർ എതിർത്തു. ഈ സർക്കാർ എന്തായാലും ശരീയത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കില്ല.

ഉദ്ധവ് താക്കറെയ്ക്ക് രാഹുലിന്റെയും കോൺഗ്രസിന്റെയും നിലപാടുകളോട് എന്താണ് പറയാനുള്ളത്? അവർ സവർക്കറെ അപമാനിച്ചു. അതിൽ എന്താണ് താക്കറെയുടെ നിലപാട്? സനാതന ധർമത്തെ അപമാനിച്ച സ്റ്റാലിന്റെയും ഉദയനിധിയുടെയും പാർട്ടിയാണല്ലോ ഡിഎംകെ. ഉദ്ധവിന് അവരോട് യോജിപ്പാണോ ഉള്ളത്? രാഹുലിനെ നേതാവാക്കാൻ എത്രയധികം ശ്രമങ്ങൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായി? രാഹുലിന് ചന്ദ്രയാൻ വിക്ഷേപിക്കുന്നതിന് നേതൃത്വം നൽകാനാകുമോ? പാകിസ്താന് കടുത്ത ഭാഷയിൽ മറുപടി നൽകാനാകുമോ? രാജ്യത്തെ തീവ്രവാദത്തിനും നക്‌സലിസത്തിനും അറുതി വരുത്താനാകുമോ? എല്ലാം പോട്ടെ, ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താനാകുമോ? അതറിഞ്ഞാൽ മതി.

സോണിയയും മൻമോഹൻ സിങുമൊക്കെ 12 ലക്ഷം കോടിയുടെ അഴിമതിയിലാണ് ഏർപ്പെട്ടത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരിക്കൽ പോലും നരേന്ദ്ര മോദി സർക്കാർ അങ്ങനെയൊരു പേരുദോഷം കേൾപ്പിച്ചിട്ടില്ല". ഷാ പറഞ്ഞു.

ബിജെപി സ്ഥാനാർഥി ഹേമന്ത് സവാരയ്ക്ക് വേണ്ടിയാണ് അമിത് ഷാ പ്രചാരണത്തിനിറങ്ങിയത്. ധൂലെയും ദക്ഷിണ മുംബൈയും മെയ് 20നാണ് ജനവിധി തേടുക.

Similar Posts