India
Rahul Gandhi
India

'കൂടുതൽ സഹായം പ്രഖ്യാപിക്കണം'; വയനാട് ദുരന്തം ലോക്‌സഭയിൽ ചർച്ചയാക്കി രാഹുൽ ഗാന്ധി

Web Desk
|
30 July 2024 10:52 AM GMT

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അത് അടിയന്തരമായി വിതരണം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി

ഡൽഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിരവധിയാളുകള്‍ മരിച്ചു. മുണ്ടക്കൈ ഗ്രാമം ഒലിച്ചുപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും വയനാട് മുന്‍ എം പി കൂടിയായ രാഹുൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ദതിയുണ്ടാക്കണമെന്ന് ഗതാഗത സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു.

നേരത്തെ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞിരുന്നു. ദുരന്തമറിഞ്ഞയുടന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. വയനാട് ജില്ലാ കളക്ടറുമായും സംസാരിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി. വയനാട്ടിൽ 60 മൃതദേഹങ്ങൾ കണ്ടെത്തി. 16 മൃതദേഹങ്ങൾ നിലമ്പൂരിലാണ് കണ്ടെത്തിയത്. എട്ട് പേരുടെ ശരീരഭാഗങ്ങളും കണ്ടെത്തി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

Similar Posts