'വിചിത്രവിധി'; രാഹുൽ ഗാന്ധി അയോഗ്യനായെന്ന് കപിൽ സിബൽ
|തുടർനിയമനടപടികൾ ആലോചിക്കാൻ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നടത്തിയ വിധിപ്രസ്താവം വിചിത്രമെന്ന് കോൺഗ്രസ് മുൻ നേതാവും മുതിർന്ന നിയമജ്ഞനുമായ കപിൽ സിബൽ. രണ്ടു വർഷം തടവു വിധിച്ചതോടെ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദായെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കർണാടകയിലെ കോലാറിൽ നടത്തിയ പരാമർശത്തിലാണ് കോടതി വിധി. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ കോടതി മുപ്പത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വിധിയോടെ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദായോ ഇല്ലയോ എന്ന ചർച്ചകൾ തുടരുന്നതിനിടെയാണ് സിബലിന്റെ അഭിപ്രായ പ്രകടനം. 'കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താല്‍ മാത്രമേ ഇനി രാഹുൽ ഗാന്ധിക്ക് പാർലമെന്റ് അംഗമായി തുടരാനാകൂ. രണ്ടു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാൽ സീറ്റ് ഒഴിഞ്ഞുകിടക്കും എന്നാണ് നിയമം പറയുന്നത്. സ്പീക്കർ തുടർനടപടികളുമായി മുമ്പോട്ടുപോകും. ലിലി തോമസ് വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2013ൽ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയത് രണ്ടു വർഷം ജയിൽശിക്ഷ വിധിക്കപ്പെട്ടാൽ ആ സമയം തന്നെ സഭയിലെ അംഗത്വം നഷ്ടമാകും എന്നാണ് ആ വിധി. ശിക്ഷാവിധിക്കെതിരെ മൂന്നു മാസത്തിനകം അപ്പീൽ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(4) ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രിംകോടതി എടുത്തുകളഞ്ഞതാണ്.' - സിബൽ വിശദീകരിച്ചു.
സൂറത്ത് കോടതി വിധിയെ വിചിത്രം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ഏതെങ്കിലും വ്യക്തിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് രണ്ടു വർഷം തടവുവിധിക്കുന്നത് അതിവിചിത്രമാണ്. എന്തു സമുദായമാണത്. ബിജെപിക്ക് എന്തും പറയാം. എന്നാല്‍ അതൊരു വ്യക്തിക്കെതിരെയുള്ള പരാമർശമാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
'എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തുകൊണ്ടു വന്നു?' എന്ന പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്. 2019 ഏപ്രിൽ 13ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു രാഹുലിന്റെ പരാമർശം.
പ്രതി പാർലമെന്റ് അംഗമാണെന്നും പരമാവധി ശിക്ഷ തന്നെ നൽകണമെന്നും വിധി പ്രസ്താവിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജഡ്ജി എച്ച്എച്ച് വർമ പറഞ്ഞു. ചൗക്കീദാർ ചോർഹെ എന്ന പരാമർശത്തിൽ മാപ്പുപറഞ്ഞ വേളയിൽ ഭാവിയിൽ ശ്രദ്ധിക്കണമെന്ന് സുപ്രിംകോടതി പ്രതിയെ ഓർമിപ്പിച്ചിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
തുടർനിയമനടപടികൾ ആലോചിക്കാൻ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേസ് നടത്താൻ ആർഎസ് ചീമ, അഭിഷേക് മനു സിങ്‌വി, പി ചിദംബരം, സൽമാൻ ഖുർഷിദ്, വിവേക് തൻഖ എന്നിവർ അംഗങ്ങളായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. രാഹുലിന് അയോഗ്യത കൽപ്പിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തുനൽകിയിട്ടുണ്ട്.