യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി
|സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഇ ഡിക്ക് മൊഴി നൽകി
ന്യൂഡല്‍ഹി: ഓഹരി വാങ്ങുന്നതിനായി കൊല്‍ക്കത്തയിലുള്ള സ്വകാര്യ കമ്പനിയായ യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഇ ഡിക്ക് മൊഴി നൽകി. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ ഡി രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ പിന്നിട്ടു.
എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഇന്നും പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാഹുലിനെ അനുഗമിച്ച രണ്‍ദീപ് സുര്‍ജേവാല, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പൂർത്തിയായതോടെയാണ് ഇന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ രാഹുല്‍ ഗാന്ധിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുമ്പോഴും അന്വേഷണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനം.
അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്‍റെ 2000 കോടി രൂപയുടെ ആസ്തി രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെന്ന് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിലാണ് ഇ.ഡി അന്വേഷണം. പാർട്ടി സ്ഥാപനത്തിന് നൽകിയ ഗ്രാൻഡ് എന്ന കോൺഗ്രസിന്‍റെ അവകാശവാദം മറികടക്കാൻ ഈ 2000 കോടി രൂപയുടെ കണക്കുകൾ ഇ.ഡിക്ക് കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവിൽ രാഹുൽ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യൽ.