അന്ന് പച്ചക്കറി വാങ്ങാനാവാതെ ഒഴിഞ്ഞ സഞ്ചിയുമായി മടക്കം; രാമേശ്വറിന് വീട്ടിൽ വിരുന്നൊരുക്കി രാഹുൽ
|വില കുത്തനെ ഉയർന്നത് മൂലം കടയിലേക്ക് തക്കാളി എടുക്കാൻ കഴിയാതെ വന്നതോടെ ഒഴിഞ്ഞ സഞ്ചി കാട്ടി രാമേശ്വർ വികാരാധീനനാവുകയായിരുന്നു...
തക്കാളിയുൾപ്പടെയുള്ള പച്ചക്കറികളുടെ വില കുത്തനെ ഉയർന്നതോടെ ദുരിതത്തിലായ കച്ചവടക്കാരുടെ കഥകൾ കുറച്ചു കാലമായി സ്ഥിരം വാർത്തയാണ്. ഇത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കഥയായിരുന്നു ഡൽഹിയിലെ രാമേശ്വറിന്റേത്. കടയിലേക്ക് തക്കാളി വാങ്ങാനെത്തിയ രാമേശ്വർ ഒഴിഞ്ഞ സഞ്ചിയുമായി തിരികെ പോകുന്നതും വിലക്കയറ്റത്തിൽ പരിതപിക്കുന്നതും എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരുന്നു.
അതേ രാമേശ്വറിന് വീട്ടിൽ വിരുന്ന് നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. രാമേശ്വറിന്റെ പ്രതികരണം വൈറലായതോടെ രാഹുൽ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഡൽഹി ആസാദി മാർക്കറ്റിലെ കച്ചവടക്കാരനായ രാമേശ്വറിന് രാഹുൽ വിരുന്നൊരുക്കിയത്. ജീവസ്സുറ്റ ഹൃദയത്തിനുടമയാണ് രാമേശ്വർ ജി എന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീകമാണ് അദ്ദേഹമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ജൂലൈയിലാണ് വിലക്കയറ്റത്തിന്റെ തീവ്രത വ്യക്തമാക്കി രമേശ്വറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വില കുത്തനെ ഉയർന്നത് മൂലം കടയിലേക്ക് തക്കാളി എടുക്കാൻ കഴിയാതെ വന്നതോടെ ഒഴിഞ്ഞ സഞ്ചി കാട്ടി രാമേശ്വർ വികാരാധീനനാവുകയായിരുന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്നും എന്ത് വിലയ്ക്കാണ് പച്ചക്കറി വിൽക്കുകയെന്ന് നിശ്ചയമില്ലെന്നും നഷ്ടത്തിലാണ് അവസാനം കച്ചവടമെത്തുകയെന്നുമായിരുന്നു കണ്ണീരോടെ രാമേശ്വറിന്റെ പ്രതികരണം. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ രാമേശ്വറിന്റെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.