India
ബി.ജെ.പി എം.പി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ കണ്ട് രാഹുൽ ഗാന്ധി
India

ബി.ജെ.പി എം.പി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ കണ്ട് രാഹുൽ ഗാന്ധി

Web Desk
|
22 Sep 2023 2:24 PM GMT

കൂടിക്കാഴ്ചക്ക് ശേഷം വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് മാത്രമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

ന്യൂഡൽഹി: ബി.ജെ.പി എം.പി രമേശ് ബിധുരി തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബി.എസ്.പി എം.പി ഡാനിഷ് അലിയെ കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ എത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

ചാന്ദ്രയാൻ-3യുടെ ചർച്ചക്കിടെയായിരുന്നു രമേശ് ബിധുരി ഡാനിഷ് അലിയെ അധിക്ഷേപിച്ചത്. തീവ്രവാദി, പിമ്പ്, മുല്ല തുടങ്ങി അധിക്ഷേപവർഷമാണ് ബിധുരി നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മുൻ ആരോഗ്യമന്ത്രി ഹർഷവർധന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

രമേശ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡാനിഷ് അലി സ്പീക്കർക്ക് പരാതി നൽകി. തനിക്കെതിരായ അധിക്ഷേപത്തിൽ വികാരഭരിതനായാണ് അദ്ദേഹം പ്രതികരിച്ചത്. നേരത്തെ പാർലമെന്റിന് പുറത്ത് വിദ്വേഷ പരാമർശങ്ങൾ നടത്തിയവർ ഇപ്പോൾ പാർലമെന്റിലും വിദ്വേഷ പ്രചാരണം നടത്തുകയാണെന്ന് ഡാനിഷ് അലി പറഞ്ഞു.

Similar Posts