India
അന്ന് 2856 രൂപ, ഇന്ന് 4152 രൂപ: ഇന്ധനവില കൊള്ള തുറന്നുകാട്ടി രാഹുല്‍ ഗാന്ധി
India

'അന്ന് 2856 രൂപ, ഇന്ന് 4152 രൂപ': ഇന്ധനവില കൊള്ള തുറന്നുകാട്ടി രാഹുല്‍ ഗാന്ധി

Web Desk
|
4 April 2022 8:31 AM GMT

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പും ശേഷവും വിവിധ വാഹനങ്ങള്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ വേണ്ട ഇന്ധനത്തിന്‍റെ വിലയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്

2014ലെയും ഇപ്പോഴത്തെയും ഇന്ധനവില താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'പ്രധാന്‍മന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന' എന്ന പേരിലാണ് ട്വീറ്റ്. രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പും ശേഷവും വിവിധ വാഹനങ്ങള്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ വേണ്ട ഇന്ധനത്തിന്‍റെ വിലയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

  • സ്കൂട്ടര്‍, ബൈക്ക് ഫുള്‍ ടാങ്ക് അടിക്കാന്‍ 714 രൂപയാണ് 2014 മെയില്‍ ചെലവാക്കേണ്ടിയിരുന്നത്. ഇന്നത് 1038 രൂപയായി. അതായത് 324 രൂപയുടെ വര്‍ധന.
  • കാര്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ 2014ല്‍ 2856 രൂപ മതിയായിരുന്നു. ഇന്ന് 4152 രൂപ വേണം. അതായത് 1296 രൂപയുടെ വര്‍ധന.
  • ട്രാക്റ്ററില്‍ എണ്ണ നിറയ്ക്കാന്‍ 2749 രൂപ മതിയായിരുന്നു 2014ല്‍. ഇന്നത് 4563 രൂപയായി. 1814 രൂപയുടെ വര്‍ധന.
  • ട്രക്ക് ഫുള്‍ ടാങ്കടിക്കാന്‍ 11,456 രൂപയാണ് 2014ല്‍ ചെലവാക്കേണ്ടിയിരുന്നത്. ഇന്നത് 19,014 രൂപയായി. 7558 രൂപയുടെ വര്‍ധന.

2014 മെയ് 26ന് ക്രൂഡ് ഓയില്‍ വില 108.05 ഡോളര്‍ ആയിരുന്നുവെങ്കില്‍, 2022 ഏപ്രില്‍ 4ന് ക്രൂഡ് ഓയില്‍ വില 99.42 ഡോളറായി കുറഞ്ഞെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ ഇന്ധനവില വർധനവിന് ഇപ്പോള്‍ ഇടവേളയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു- "മോദി സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു, പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക" എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജനങ്ങളെ ഓര്‍മിപ്പിച്ചിരുന്നു. ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട് പെട്രോളിന് 113 രൂപ 64 പൈസയും ഡീസലിന് 100 രൂപ 60 പൈസയുമായി വര്‍ധിച്ചു.

ഇന്ധന വില വര്‍ധനയ്ക്കെതിരെ പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. ഇന്ധന വില തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. യുക്രൈനിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ധന വില കുതിച്ചുയരുന്നതെന്നാണ് കേന്ദ്രത്തിന്‍റെ ന്യായീകരണം.


Summary- Congress leader Rahul Gandhi attacked the centre by calling the government schemes "Pradhan Mantri Jan Dhan LOOT Yojana". Rahul Gandhi took to Twitter and shared a picture that compared the prices of fuel for a full tank in different vehicles before the BJP government and in 2022.

Similar Posts