India
Rahul Gandhi Mother Sonia Gandhi Flight Makes Emergency Landing In Bhopal
India

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

Web Desk
|
19 July 2023 3:05 AM GMT

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകവേയാണ് സംഭവം

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകവേയാണ് സംഭവം. മോശം കാലാവസ്ഥ മൂലം ഭോപ്പാല്‍ വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

മോശം കാലാവസ്ഥ മൂലം ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് വിമാനം ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. തുടര്‍ന്ന് മുന്‍മന്ത്രി പി.സി ശര്‍മ, കുനാല്‍ ചൗധരി എം.എല്‍.എ തുടങ്ങി മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തി.

വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്നാണ് പേരിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കുകയാണ് ലക്ഷ്യം. ബംഗളൂരുവിലെ യോഗത്തില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തത്. സോണിയാ ഗാന്ധി സഖ്യത്തിന്‍റെ അധ്യക്ഷയായേക്കും. നിതീഷ് കുമാറിനെ കണ്‍വീനറായി തീരുമാനിക്കാനും സാധ്യതയുണ്ട്.

എന്തുകൊണ്ട് ഇന്ത്യയെന്ന പേര് എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയിതാണ്- "ഈ യോഗത്തിലെത്തിയതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ നിന്ന് ശബ്ദം തട്ടിയെടുക്കപ്പെടുന്നു. ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമാണ്. അതിനാലാണ് ഞങ്ങൾ ഈ പേര് തെരഞ്ഞെടുത്തത്- ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ). പോരാട്ടം എൻ.ഡി.എയും ഇന്ത്യയും തമ്മിലാണ്. നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്. ഞങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്കും ജനങ്ങളുടെ ശബ്ദത്തിനും ഈ മഹത്തായ രാജ്യത്തിനും ഇന്ത്യ എന്ന ആശയത്തിനും വേണ്ടി നിലകൊള്ളുന്നു".

എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും 'ഇന്ത്യ'യെ വെല്ലുവിളിക്കാന്‍ കഴിയുമോ എന്നാണ് യോഗത്തിനു ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചത്- "എന്‍.ഡി.എ, ബി.ജെ.പി... 'ഇന്ത്യ'യെ വെല്ലുവിളിക്കാൻ നിങ്ങൾക്ക് കഴിയുമോ? ഞങ്ങൾ ഞങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നു. ഞങ്ങൾ ദേശസ്നേഹികളാണ്. ഞങ്ങൾ രാജ്യത്തിനും ലോകത്തിനും കർഷകർക്കും എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നു. ഹിന്ദുക്കൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ, കർഷകർ എല്ലാവര്‍ക്കും നേരെ ബി.ജെ.പിയുടെ ഭീഷണിയുണ്ട്. അവരുടെ ജോലി സർക്കാരുകളെ വാങ്ങുകയും വിൽക്കുകയും മാത്രമാണ്"- മമത ബാനര്‍ജി പറഞ്ഞു.

അടുത്ത പ്രതിപക്ഷ യോഗം മുംബൈയിൽ ചേരുമെന്നും അവിടെ 11 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. സഖ്യത്തെ ആരു നയിക്കുമെന്ന ചോദ്യത്തിന് മുംബൈയിലെ യോഗത്തിൽ കൺവീനറെ തീരുമാനിക്കുമെന്ന് ഖാർഗെ പറഞ്ഞു.



Similar Posts