India
കോൺഗ്രസിനും വീഴ്ചയുണ്ടായിട്ടുണ്ട്; മാറ്റം വരുത്തേണ്ടതുണ്ടെന്ന് രാഹുൽ ഗാന്ധി
India

കോൺഗ്രസിനും വീഴ്ചയുണ്ടായിട്ടുണ്ട്; മാറ്റം വരുത്തേണ്ടതുണ്ടെന്ന് രാഹുൽ ഗാന്ധി

Web Desk
|
11 May 2024 7:38 AM GMT

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 180 സീറ്റിൽ കൂടുതൽ നേടില്ലെന്നും രാഹുൽ ആവർത്തിച്ചു.

ലഖ്‌നോ: മുമ്പ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഭാവിയിൽ കോൺഗ്രസ് അതിന്റെ രാഷ്ട്രീയത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി. ലഖ്‌നോവിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഏകാധിപതിയാണെന്നും പ്രധാനമന്ത്രിയല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

''അദ്ദേഹം ഒരു പ്രധാനമന്ത്രിയല്ല, ഒരു സർവാധിപതിയാണ്. മന്ത്രിസഭയിലോ പാർലമെന്റിലോ ഭരണഘടനയിലോ അദ്ദേഹത്തിന് യാതൊന്നും പ്രവർത്തിക്കാനില്ല. 21-ാം നൂറ്റാണ്ടിന്റെ രാജാവാണ് അദ്ദേഹം. യഥാർഥത്തിൽ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്ന നിക്ഷേപകരുടെ മറയായി പ്രവർത്തിക്കുന്ന വ്യക്തിയാണ്''-രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രിയെ അദ്ദേഹം സംവാദത്തിന് വെല്ലുവിളിച്ചു. അതേസമയം കോൺഗ്രസിൽ എന്ത് തരത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന് രാഹുൽ വ്യക്തമാക്കിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 180 സീറ്റിൽ കൂടുതൽ നേടില്ലെന്നും രാഹുൽ ആവർത്തിച്ചു.

അധികാരത്തിലേക്കാണ് താൻ പിറന്നുവീണത്. അതുകൊണ്ട് തന്നെ അതിൽ തനിക്ക് താൽപ്പര്യവുമില്ല. അധികാരമെന്നാൽ തനിക്ക് പൊതുജനങ്ങളെ സഹായിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും രാഹുൽ വ്യക്തമാക്കി.

Similar Posts