India
ഓരോ സ്‌റ്റേഷനിലും പ്രവർത്തകരുടെ അഭിവാദ്യങ്ങൾ; ചിന്തൻ ശിവിറിൽ പുതിയ രാഹുൽ
India

ഓരോ സ്‌റ്റേഷനിലും പ്രവർത്തകരുടെ അഭിവാദ്യങ്ങൾ; ചിന്തൻ ശിവിറിൽ പുതിയ രാഹുൽ

abs
|
13 May 2022 10:04 AM GMT

പുലര്‍ച്ചെ അഞ്ചു മണിക്കും രാഹുലിനെ കാണാന്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു

ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന നവ് സങ്കൽപ് ചിന്തൻ ശിവിറിലേക്ക് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തിയത് ട്രയിനിൽ. ഡൽഹി സരായ് രോഹില സ്‌റ്റേഷനിൽനിന്ന് ചേതക് എക്‌സ്പ്രസിലായിരുന്നു കോൺഗ്രസ് നേതാവിന്‍റെ യാത്ര. ഇരു നഗരത്തിനുമിടയിലുള്ള എട്ടു സ്റ്റേഷനുകളിലും രാഹുൽ പ്രവർത്തരുടെ അഭിവാദ്യം സ്വീകരിച്ചു.

പുലർച്ചെ അഞ്ചു മണിക്ക് ഛിറ്റോർഗഡ് റെയിൽവേ സ്‌റ്റേഷനിൽ രാഹുൽ പ്രവർത്തകരുമായി സംവദിക്കുന്നതിന്റെ വീഡിയോ കോൺഗ്രസ് എംപി മാണിക്കം ടാഗോർ പങ്കുവച്ചു. ട്രയിനിൽ നിന്നിറങ്ങി വന്ന് പ്രാദേശിക നേതാക്കളോട് രാഹുൽ സംവദിക്കുന്നതാണ് വീഡിയോ. പ്രവർത്തകർ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

ചേതക് എക്‌സ്പ്രസിന്റെ രണ്ടു ബോഗിയാണ് കോൺഗ്രസ് ബുക്ക് ചെയ്തിരുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, മുൻ കേന്ദ്രമന്ത്രി ജയ്‌റാം രമേശ് എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

തുടർച്ചയായ തെരഞ്ഞെടുപ്പു തോൽവികളുടെ പശ്ചാത്തലത്തിലാണ് പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ട് ഉദയ്പൂരിൽ മെയ് 13 മുതൽ 15 വരെ ത്രിദിന ചിന്തൻ ശിവിർ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 422 പ്രതിനിധികളാണ് ശിവിറിൽ പങ്കെടുക്കുന്നത്. ഇതിൽ അമ്പത് ശതമാനം പേർ അമ്പത് വയസ്സിൽ താഴെയുള്ളവരാണ്. ആറു ഗ്രൂപ്പുകളായി (ഒരു ഗ്രൂപ്പിൽ ഏകദേശം 60-70 പേർ) തിരിഞ്ഞ് വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.

അജണ്ടയിലുള്ള പ്രധാന കാര്യങ്ങൾ

1- തെരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിന് ഒരു ടിക്കറ്റ്

2- സാമുദായിക ധ്രുവീകരണം, കർഷക പ്രശ്‌നം, പാർട്ടി ശാക്തീകരണം

3- കേന്ദ്ര-സംസ്ഥാന ബന്ധം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കശ്മീർ വിഷയം

4-പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത്, പണപ്പെരുപ്പം, ന്യൂനപക്ഷ-വനിതാ പ്രശ്‌നങ്ങൾ, പുതിയ വിദ്യാഭ്യാസ നയം, ഉയരുന്ന തൊഴിലില്ലായ്മ

5- മിനിമം താങ്ങുവില, കാര്‍ഷിക വായ്പ എഴുതിത്തള്ളൽ, ഗോതമ്പ് വില വിഷയങ്ങൾ ചർച്ച ചെയ്യാൻ സമിതി

6- ദേശീയ, സംസ്ഥാന, ജില്ലാ, ബ്ലോക് തലത്തിൽ പാർട്ടി സംഘടനാ നവീകരണം

7- ഒരു പദവിയിൽ അഞ്ചു വർഷ പരിധി. കൂളിങ് ഓഫ് പരിധി മൂന്നു വർഷം

8- ഓഫീസ് ഭാരവാഹികളുടെ പ്രകടനം വിലയിരുത്താൻ മൂല്യനിർണയ സമിതി

9- അമ്പത് വയസ്സിൽ താഴെയുള്ളവർക്ക് അമ്പത് ശതമാനം ഭാരവാഹിത്വം

10- ബൂത്ത്, ബ്ലോക് തലത്തിൽ മണ്ഡൽ കമ്മിറ്റികൾ സ്ഥാപിക്കൽ

11- തെരഞ്ഞെടുപ്പ് മുമ്പിൽക്കണ്ട് ജനാഭിപ്രായങ്ങൾ സ്വരൂപിക്കാൻ പബ്ലിക് ഇൻസൈറ്റ് ഡിപ്പാർട്‌മെന്റ്.

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവിക്ക് പിന്നാലെയാണ്, പാർട്ടി ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെ ചിന്തൻ ശിവിർ സംഘടിപ്പിക്കുന്നത്. സംഘടനാ ദൗർബല്യങ്ങൾ ഇല്ലാതാക്കി പാർട്ടിയെ താഴേത്തട്ടു മുതൽ ശക്തിപ്പെടുത്തിയില്ലെങ്കിൽ കോൺഗ്രസ് അസ്തിത്വ ഭീഷണി നേരിടുമെന്ന് നിരവധി രാഷ്ട്രീയ നിരീക്ഷകർ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

പാർട്ടിക്കുള്ളിൽ അഴിച്ചുപണി വേണമെന്ന് നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന ജി 23 നേതാക്കൾ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 'കലാപക്കൊടി' ഉയർത്തിയ ഗുലാം നബി ആസാദ്, കമൽ നാഥ് അടക്കമുള്ള മുതിർന്ന നേതാക്കൾ ചിന്തൻ ശിവിറിൽ പങ്കെടുക്കുന്നുണ്ട്. യുപി തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശം നടത്തിയ കപിൽ സിബിൽ സമ്മേളനത്തിനെത്തില്ല.

Similar Posts