India
BengalCMMamataBanerjeeagainstRahulGandhi, MamataBanerjeeCongresscriticism, MamataagainstRahulGandhi
India

രാഹുലാണ് മോദിയുടെ ഏറ്റവും വലിയ ടി.ആർ.പി-മമത ബാനർജി

Web Desk
|
20 March 2023 6:46 AM GMT

ബി.ജെപി രാഹുലിനെ താരമാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും മമത

കൊൽക്കത്ത: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ പ്രതിപക്ഷ മുഖമാകുകയാണെങ്കിൽ ആർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനാകില്ലെന്ന് മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സമ്മേളനത്തിൽ പ്രവർത്തകരോടാണ് മമതയുടെ അഭിപ്രായപ്രകടനം.

രാഹുലാണ് മോദിയുടെ ഏറ്റവും വലിയ ടി.ആർ.പി(ടെലിവിഷൻ ദൃശ്യത കൂട്ടുന്ന ഘടകം). പാർലമെന്റിന്റെ പ്രവർത്തനം തടസപ്പെടുത്തുകയാണ് ബി.ജെ.പി. അവർ രാഹുലിനെ നേതാവാക്കാൻ നോക്കുകയാണ്. രാഹുലിനെ താരമാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ബി.ജെപിയെന്നും മമത ആരോപിച്ചു.

കോൺഗ്രസ് ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങുകയാണ്. കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മും തൃണമൂലിനെതിരെ ന്യൂനപക്ഷങ്ങളെ തിരിച്ചുവിടുന്നുവെന്നും മമത കൂട്ടിച്ചേർത്തു. മുർശിദാബാദിൽ നടന്ന തൃണമൂൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. കൊൽക്കത്തയിൽനിന്ന് വിർച്വലായാണ് മമത സമ്മേളനത്തെ അഭിസംബോധന ചെയ്തത്.

ഇതിനുമുൻപും രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി അവതരിപ്പിക്കുന്നതിനെതിരെ തൃണൂൽ രംഗത്തെത്തിയിരുന്നു. രാഹുലിനെ ഉയർത്തിക്കാട്ടി ബി.ജെ.പി ലാഭം കൊയ്യുകയാണെന്നാണ് തൃണമൂലിന്റെ ലോക്‌സഭാ കക്ഷി നേതാവ് സുദീപ് ബന്ദോപാധ്യായ ആരോപിച്ചത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരു ന്യൂനപക്ഷ ഭൂരിപക്ഷ മണ്ഡലം തൃണമൂലിൽനിന്ന് കോൺഗ്രസ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് കോൺഗ്രസിനെതിരെ തൃണമൂൽ നിലപാട് കടുപ്പിച്ചത്.

Summary: 'Rahul Gandhi is PM Narendra Modi's biggest TRP', alleges West Bengal CM Mamata Banerjee

Similar Posts