India
Rahul Gandhi pointed out unemployment in UP
India

'ഇരട്ട എഞ്ചിൻ സർക്കാർ തൊഴിലില്ലാത്തവർക്ക് ഇരട്ട പ്രഹരം';യു.പിയിലെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി

Web Desk
|
18 Feb 2024 10:08 AM GMT

'ഇന്ന് യുപിയിലെ മൂന്നിലൊരു യുവാവേ യുവതിയോ തൊഴിലില്ലായ്മ എന്ന രോഗത്തിന്റെ പിടിയിലാണ്. 1.5 ലക്ഷത്തിലധികം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു'

ന്യൂഡൽഹി: ഉത്തർപ്രദേശിലെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇരട്ട എഞ്ചിൻ സർക്കാർ എന്നാൽ തൊഴിലില്ലാത്തവർക്ക് ഇരട്ട പ്രഹരമാണെന്നും കേന്ദ്രത്തിലും യുപിയിലും ബിജെപി സർക്കാറുള്ളത് സൂചിപ്പിച്ച് രാഹുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്കായി ഇന്ന് രാവിലെ കാൺപൂർ റെയിൽവേ സ്റ്റേഷനിലെത്തിയവരുടെ ചിത്രം സഹിതമായിരുന്നു പ്രതികരണം. 60244 ഒഴിവിലേക്ക് 48,17,441 അപേക്ഷകരാണുണ്ടായിരുന്നയത്. അതായത് ഒരു ജോലിക്ക് വേണ്ടി 80 യുവാക്കൾ തമ്മിലായിരുന്നു പോരാട്ടം.

'ഇന്ന് യുപിയിലെ മൂന്നിലൊരു യുവാവേ യുവതിയോ തൊഴിലില്ലായ്മ എന്ന രോഗത്തിന്റെ പിടിയിലാണ്. 1.5 ലക്ഷത്തിലധികം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. മിനിമം യോഗ്യതയുള്ള തസ്തികകളിൽ പോലും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും പിഎച്ച്ഡി നേടിയവരും ക്യൂ നിൽക്കുന്നു.

റിക്രൂട്ട്മെന്റ് നടക്കുന്നത് ഒരു സ്വപ്‌നം മാത്രമാണ്, റിക്രൂട്ട്മെന്റ് നടത്തിയാൽ പേപ്പർ ലീക്കാകുന്നു, പേപ്പർ നൽകിയാൽ ഫലം അറിയാതിരിക്കുന്നു, നീണ്ട കാത്തിരിപ്പിന് ശേഷം ഫലം വന്നാലും പലപ്പോഴും കോടതിയിലേക്ക് പോകേണ്ടിവരുന്നു.

സൈന്യം, റെയിൽവേ, വിദ്യാഭ്യാസം, പൊലീസ് എന്നീ രംഗങ്ങളിൽ റിക്രൂട്ട്മെന്റിനായി വർഷങ്ങളോളം കാത്തിരുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രായമേറി. നിരാശരായ വിദ്യാർത്ഥികൾ വിഷാദത്തിന് ഇരയായിരിക്കുന്നു. ഇതെല്ലാം കണ്ട് മനം മടുത്ത് അവർ തന്റെ ആവശ്യങ്ങളുമായി തെരുവിലിറങ്ങിയാൽ പൊലീസിന്റെ അടികളേറ്റു വാങ്ങേണ്ടി വരുന്നു.

ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം, ജോലി ഒരു വരുമാന മാർഗ്ഗം മാത്രമല്ല, അവന്റെ കുടുംബത്തിന്റെ ജീവിതം മാറ്റിമറിക്കാനുള്ള ഒരു സ്വപ്നം കൂടിയാണ്, ഈ സ്വപ്നം തകരുന്നതിലൂടെ, മുഴുവൻ കുടുംബത്തിന്റെയും പ്രതീക്ഷയാണ് തകരുന്നത്.

കോൺഗ്രസിന്റെ നയങ്ങൾ യുവാക്കളുടെ സ്വപ്നങ്ങളോട് നീതി പുലർത്തും, അവരുടെ അധ്വാനം വെറുതെയാക്കില്ല' രാഹുൽ എക്‌സിലും ഫേസ്ബുക്കിലും പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Similar Posts