ഗുജറാത്തിൽ സച്ചിൻ പൈലറ്റിനെ ഇറക്കി കളം പിടിക്കാൻ കോൺഗ്രസ്; പ്രിയങ്കയും രാഹുലുമായി നിർണായക കൂടിക്കാഴ്ച
|ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നേതാക്കൾ സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തുന്നത്
രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നേതാക്കൾ പൈലറ്റുമായി കൂടിക്കാഴ്ച നടത്തുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതല സച്ചിൻ പൈലറ്റ് വഹിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യത്തിൽ പൈലറ്റ് ഉറച്ചുനിൽക്കുന്നുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയായെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. പഞ്ചാബ് കോണ്‍ഗ്രസിൽ നാളുകളായി നടന്നിരുന്ന പ്രതിസന്ധിക്ക് വിരാമമിട്ടതിന് പിന്നാലെയാണ് നിർണായക കൂടിക്കാഴ്ച.
സച്ചിൻ പൈലറ്റിന്റെ നേതൃത്വം ഗുജറാത്തിൽ തിരിച്ചുവരവിന് സഹായകരമാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ നേതാക്കളുടെ തീരുമാനത്തോടുള്ള പൈലറ്റിന്റെ പ്രതികരണവും നിർണായകമാണ്.