'മണിപ്പൂർ കത്തുമ്പോള്‍ പ്രധാനമന്ത്രി പാർലമെന്‍റിൽ തമാശ പറഞ്ഞ് രസിക്കുകയാണ്'; രാഹുൽ ഗാന്ധി
|പ്രധാനമന്ത്രി രണ്ട് മണിക്കൂർ 13 മിനിറ്റ് സംസാരിച്ചു. അതിൻ്റെ അവസാന രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് അദ്ദേഹം പറഞ്ഞതെന്നും രാഹുൽ പറഞ്ഞു.
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് പ്രസംഗത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്നലെ പ്രധാനമന്ത്രി രണ്ട് മണിക്കൂർ 13 മിനിറ്റ് സംസാരിച്ചു. അതിൻ്റെ അവസാന രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു എന്നാൽ ഇതെല്ലാം പറയുമ്പോൾ പ്രധാനമന്ത്രി പാർലമെന്‍റിൽ തമാശ പറഞ്ഞ് രസിക്കുകയാണ് എന്ന് രാഹുൽ പറഞ്ഞു.
രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണ്. കൂടാതെ മണിപ്പൂരിൽ അദ്ദേഹം കണ്ട കാഴ്ച്ചയും അവിടുത്തെ ജനങ്ങളുമായി സംസാരിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും രാഹുൽ പങ്കുവെച്ചു. മണിപ്പൂരിൽ കണ്ടതും കേട്ടതും താൻ മുൻപ് എവിടെയും കേട്ടിട്ടില്ല. മണിപ്പൂർ ഇന്ന് ഒരു സംസ്ഥാനം അല്ല. രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും ഇതിനു കാരണം ബി.ജെ.പി ആണെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യൻ സൈന്യം വിചാരിച്ചാൽ രണ്ടു ദിവസം മതി പ്രശ്നം പരിഹരിക്കാൻ. എന്നാൽ പ്രധാന മന്ത്രിക്ക് കലാപം അവസാനിപ്പിക്കാൻ അല്ല ആളിപ്പടർത്താൻ ആണ് താൽപര്യം അതിനാലാണ് സൈന്യത്തെ ഉപയോഗിക്കാത്തത് അദ്ദേഹം പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രിയെ ന്യായീകരിച്ച് എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രാഹുൽ ഗാന്ധി മറുപടി പറഞ്ഞു. മണിപ്പൂരിൽ ആയിരക്കണക്കിന് ആയുധങ്ങൾ മോഷണം പോയി. ഇത് ഉപയോഗിച്ച് കൊലപാതകങ്ങൾ നടക്കുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. അതിക്രമങ്ങൾ നടകട്ടെ എന്നാണോ ആഭ്യന്തര മന്ത്രിയുടെ നിലപാടെന്നും രാഹുൽ ചോദിച്ചു.