സവര്‍ക്കറിനെതിരായ രാഹുലിന്റെ പരാമര്‍ശം രാഷ്ട്രീയ നേട്ടത്തിനായെന്ന് രഞ്ജിത് സവര്‍ക്കര്‍
|മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല എന്ന് രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞിരുന്നു
ഡല്‍ഹി: ആര്‍എസ്എസ് നേതാവ് വി.ഡി സവര്‍ക്കര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി സവര്‍ക്കറുടെ ചെറുമകന്‍. തന്റെ 'രാഷ്ട്രീയ നേട്ടത്തിനായി' അദ്ദേഹത്തെ ആവര്‍ത്തിച്ച് അധിക്ഷേപിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് രഞ്ജിത് സവര്‍ക്കര്‍ ആരോപിച്ചു.
സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ 2019ല്‍ വിമര്‍ശനം ഉന്നയിച്ച ഉദ്ധവ് താക്കറെ ഇന്ന് അദ്ദേഹത്തിന്റെ സഖ്യത്തിലാണെന്നും രഞ്ജിത് സവര്‍ക്കര്‍ കുറ്റപ്പെടുത്തി.
മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ തുടരുകയാണെന്നും ഇത്തരം പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയില്‍ ഇതിനകം കണ്ടുകഴിഞ്ഞെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. സവര്‍ക്കറെ കുറിച്ചുള്ള രാഹുലിന്റെ മനോഭാവം ഇതുവരെ മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്ത്വ അയോഗ്യതാ സമയത്ത് അദ്ദേഹം മാപ്പുപറയണമെന്ന് ബിജെപി ആവശ്യമുന്നയിക്കുകയും എന്നാല്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും അതിശക്തമായ വിമര്‍ശനങ്ങളാണ് സവര്‍ക്കര്‍ക്കെതിരെ അദ്ദേഹം ഉയര്‍ത്തിയത്. താന്‍ ബ്രിട്ടീഷുകാരന്റെ സേവകനാകാന്‍ ആഗ്രഹിക്കുന്നുവെന്ന സവര്‍ക്കറുടെ കത്ത് രാഹുല്‍ ഗാന്ധി പുറത്തു വിട്ടിരുന്നു. സവര്‍ക്കര്‍ മാപ്പപേക്ഷിച്ച് ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതിയെന്നും പെന്‍ഷന്‍ സ്വീകരിച്ചിരുന്നുവെന്നും ഭയംകൊണ്ടാണ് ഇത് ചെയ്തതെന്നും രാഹുല്‍ അന്ന് ആരോപിച്ചിരുന്നു.