'ഇന്ത്യയുടെ ശബ്ദത്തിനായാണ് പോരാടുന്നത്,എന്തു വിലയും നൽകാൻ തയ്യാർ': പ്രതികരിച്ച് രാഹുൽ
|രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്
ന്യൂഡൽഹി: ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനായാണ് പോരാടുന്നതെന്നും രാജ്യത്തിനായി എന്തു വിലയും നൽകാൻ തയ്യാറാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ലോക്‌സഭാംഗത്വം റദ്ദാക്കി വിജ്ഞാപനം ഇറങ്ങിയതിന് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും സീതാറാം യെച്ചൂരി, മമതാ ബാനർജി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.
രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. വിഷയത്തിൽ തുടർ നടപടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകിട്ട് കോൺഗ്രസ് അടിയന്തര യോഗം ചേരും.
രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.