'മായാവതിക്ക് മുഖ്യമന്ത്രി പദം നൽകാമെന്ന് പറഞ്ഞു, കേന്ദ്രത്തെ ഭയന്ന് അവർ മിണ്ടിയില്ല'; യു.പിയിലെ പിന്നാമ്പുറക്കഥ പറഞ്ഞ് രാഹുൽ ഗാന്ധി
|ഉനയിൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആക്രമിയെ കുത്തിയ ശേഷം മാത്രം ആത്മഹത്യക്ക് ശ്രമിക്കുകയുള്ളൂവെന്ന് രാഹുൽ
ഉത്തർപ്രദേശിൽ മായാവതിക്ക് മുഖ്യമന്ത്രി പദം നൽകാമെന്ന് പറഞ്ഞെങ്കിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്ന് അവർ മിണ്ടിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസടക്കമുള്ള കക്ഷികളെ പരാജയപ്പെടുത്തി ബിജെപി വീണ്ടും അധികാരത്തിലെത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ദി ദലിത് ട്രൂത്ത് - ബാറ്റിൽസ് ഫോർ റിയലൈസിങ് അംബേദ്കർസ് വിഷൻ' പുസ്തക പ്രകാശന ചടങ്ങിലാണ് പ്രതികരണം നടത്തിയത്.
'മായാവതി തെരഞ്ഞെടുപ്പിൽ മത്സരിച്ചത് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. നമുക്ക് സഖ്യമുണ്ടാക്കാമെന്നും നിങ്ങളെ മുഖ്യമന്ത്രിയാക്കാമെന്നും കാണിച്ച് ഞാൻ അവർക്കൊരു സന്ദേശമയച്ചിരുന്നു. പക്ഷേ അവർ മിണ്ടിയില്ല. ഞാനേറെ ബഹുമാനിക്കുന്ന കാൻഷി റാമിനെ പോലെയുള്ള അവരുടെ ആളുകൾക്ക് യുപിയിലെ ദലിത് ശബ്ദം ഉയർത്താനുള്ള രക്തവും മാംസവുമുണ്ടായിരുന്നു. കോൺഗ്രസിന് തകർച്ചയുണ്ടായെന്നത് മറ്റൊരു കാര്യമാണ്. പക്ഷേ, ദലിത് ശബ്ദമുയർത്താൻ താൻ പോരാടില്ലെന്നാണ് മായാവതി പറയുന്നത്' രാഹുൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സിബിഐ, ഇ.ഡി, പെഗാസസ് എന്നിവയെ പേടിച്ച് അവർ രാഷ്ട്രീയം വിട്ടുവെന്നും ഭരണഘടന നടപ്പാക്കാൻ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ ജനങ്ങൾ മാത്രമാണ് പോരാടാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ വഴിയാണ് അവ നടപ്പാക്കാനാകുകയെന്നും എന്നാൽ അവയെല്ലാം അവർ പിടിച്ചെടുത്തിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങൾ നമ്മുടെ കയ്യിലല്ലെങ്കിൽ ഭരണഘടന നമ്മുടെ കയ്യില്ലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ യുപി തെരഞ്ഞെടുപ്പിൽ പാർട്ടി തനിച്ച് മത്സരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. എന്നാൽ അന്ന് മറ്റു സഖ്യങ്ങൾക്ക് ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുൻ ഉദ്യേഗാസ്ഥനും അംബേദ്കറുടെ അനുയായിമായ കെ. രാജു എഡിറ്റ് ചെയതതാണ് 'ദി ദലിത് ട്രൂത്ത് ബാറ്റിൽസ് ഫോർ റിയലൈസിങ് അംബേദ്കർസ് വിഷൻ' പുസ്തക പ്രകാശന വേദിയിലെ രാഹുലിന്റെ വെളിപ്പെടുത്തൽ. താൻ ഒരിക്കലും അധികാരം ആഗ്രഹിച്ചിട്ടില്ലെന്നും രാജ്യം തന്നോട് കാണിക്കുന്ന സ്നേഹത്തിനും ബഹുമാനത്തിനും നന്ദി പറയുന്നുവെന്നും രാഹുൽ ചടങ്ങിൽ പറഞ്ഞു.
2016 ലെ ഉനയിൽ നടന്ന ദലിത് പീഡനത്തിന് ശേഷം താൻ ഗുജറാത്ത് സന്ദർശിച്ചത് രാഹുൽ ഓർത്തു. സംഭവശേഷം നിരവധി ദലിത് യുവാക്കൾ ആത്മഹത്യക്ക് ശ്രമിച്ചതായി ഇരകളിലൊരാളുടെ പിതാവ് പറഞ്ഞതും അവരിലൊരാളെ കണ്ടതും രാഹുൽ വിവരിച്ചു. ദലിതരെ അപമാനിക്കുന്ന വീഡിയോ കണ്ട ശേഷമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന വിവരവും അദ്ദേഹം പങ്കുവെച്ചു. അവരുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആക്രമിയെ കുത്തിയ ശേഷം മാത്രമേ ആത്മഹത്യക്ക് ശ്രമിക്കുകയുള്ളൂവെന്നും രാഹുൽ പറഞ്ഞു. തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ ഘാതകരോട് പോലും തനിക്ക് ഇത്തരം വിദ്വേഷം തോന്നിയിട്ടില്ലെന്നും പക്ഷേ, ഈ സംഭവത്തിൽ അതിക്രമികളെ തിരിച്ചടിക്കണമെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
2016 ജൂലായ് 11 ന് ജുനാഗഡ് ജില്ലയിലെ മോട്ടാ സമദിയാല ഗ്രാമത്തിനു സമീപം ദളിത് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. പശുവിനെ കൊന്നുവെന്നാണ് ആക്രമണം നടത്തിയവർ അന്ന് പറഞ്ഞത്. പിന്നീട് പ്രതികളായവരെ ഉന ഗ്രാമത്തില്‍ വെച്ച് പിടികൂടി. പ്രതികള്‍ ഇരുമ്പുകോൽ കൊണ്ടും വടികള്‍ ഉപയോഗിച്ച് കുത്തുകയും തുടര്‍ന്ന് ദളിത് പുരുഷന്മാരെ പകുതി നഗ്നയാക്കി റോഡിലിറക്കുകയും ചെയ്തിരുന്നു.
Congress leader Rahul Gandhi said that Mayawati would be given the chief ministership In Uttar Pradesh, but did not speak out for fear of being investigated by central agencies.