അദാനിക്കെതിരായ ഓ.സി.സി.ആർ.പി വെളിപ്പെടുത്തൽ; ജെ.പി.സി അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
|പ്രധാനമന്ത്രി അന്വേഷണത്തിന് തയാറാകുന്നില്ലെന്നും അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തൽ ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു
മുംബൈ: അദാനി ഗ്രൂപ്പിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി അന്വേഷണത്തിന് തയാറാകുന്നില്ലെന്നും അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തൽ ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ചു. സംഭവത്തിൽ ജെ.പി.സി (ജോയിൻ്റ് പാർലിമെൻ്റ് കമ്മറ്റി) അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിക്കെതിരായ ഓ.സി.സി.ആർ.പി കണ്ടെത്തലുകൾ അക്കമിട്ടു നിരത്തിയും അത് പ്രസിദ്ധീകരിച്ച് പത്രവാർത്തകൾ ഉയർത്തി കാട്ടിയുമാണ് രാഹുൽ ഗാന്ധി മുംബൈയിൽ അദാനിക്കും കേന്ദ്രസർക്കാറിനുമെതിരെ ആഞ്ഞടിച്ചത്.
ഒരു ബില്ല്യണിലധികം പണം ഇന്ത്യയിൽ നിന്ന പുറത്തു പോവുകയും പിന്നീട് അത് ഇന്ത്യയിലേക്ക് തന്നെ വരികയും വ്യാജ പേരുകളിൽ അദാനി കമ്പനികളിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. നിക്ഷേപകരിൽ ചൈനീസ് പൗരനുൾപ്പെടെ ഉൾപ്പെട്ടിട്ടും രാജ്യതാൽപര്യം എന്നാണ് പറയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഈ പണം ആരുടേതാണ്, എന്ത് കൊണ്ട് കേന്ദ്രസർക്കാർ അന്വേഷണം നടത്തുന്നില്ല എന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദാനി ഗ്രൂപ്പിന് നൽകുന്ന ഈ പ്രത്യേക പരിഗണന ജി20 ഉച്ചക്കോടിക്ക് വരുന്ന രാജ്യങ്ങൾ ചോദ്യം ചെയ്യുമെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു.
ഹിൻഡ്ബർഗ് റിപ്പോർട്ട് ശരിവെക്കുന്ന ഓ.സി.സി.ആർ.പി റിപ്പോർട്ട് ആയുധമാക്കുകയാണ് രാഹുൽ ഗാന്ധി. നേരത്തെ അദാനി-മോദി കൂട്ട്‌ക്കെട്ട് പരാമർശിച്ചതിന് രാഹുൽ ഗാന്ധിയെ സഭയിൽ നിന്ന സസ്‌പെൻഡ് ചെയുതുവെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ആ ആക്ഷേപം നിലനിർത്തി കൊണ്ടാണ് രാഹുൽ ഗാന്ധി വീണ്ടും കേന്ദ്രസർക്കാറിനും നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ചത്.