India
ഞങ്ങളുണ്ട് കൂടെ- മുഹമ്മദ് ഷമിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
India

'ഞങ്ങളുണ്ട് കൂടെ'- മുഹമ്മദ് ഷമിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

Web Desk
|
25 Oct 2021 3:22 PM GMT

' നിങ്ങളെ അധിക്ഷേപിക്കുന്നത് വെറുപ്പ് കൊണ്ടാണ്, കാരണം അവർക്ക് ആരും സ്‌നേഹം നൽകിയിട്ടില്ലല്ലോ'

ട്വന്റി-20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ തോൽവി വഴങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ബോളർ മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

മുഹമ്മദ് ഷമിക്കൊപ്പം ഞങ്ങൾ എല്ലാവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. '' നിങ്ങളെ അധിക്ഷേപിക്കുന്നത് വെറുപ്പ് കൊണ്ടാണ്, കാരണം അവർക്ക് ആരും സ്‌നേഹം നൽകിയിട്ടില്ലല്ലോ, അതുകൊണ്ട് അവരോട് ക്ഷമിച്ചേക്കുക ''- രാഹുൽ കുറിച്ചു.

നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഒരു മുസ്ലിം പാകിസ്താനോടൊപ്പം നിൽക്കുന്നു, എത്ര പണം കിട്ടി തുടങ്ങി അധിക്ഷേപിക്കുകയാണ് സോഷ്യൽ മീഡിയയിലുടനീളം. പാകിസ്ഥാനെതിരെ 3.5 ഓവർ എറിഞ്ഞ ഷമി 43 റൺസാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറിൽ 26 മാത്രമാണ് ഷമി നൽകിയിരുന്നത്. എന്നാൽ 18-ാം ഓവർ എറിയാനെത്തിയ ഷമി 17 റൺസ് വഴങ്ങി. പാകിസ്ഥാൻ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയിൽ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.

ഷമിയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്ത് വന്നു. പാകിസ്താനോട് ഇതിന് മുമ്പ് പരാജയപ്പെട്ടപ്പോൾ താൻ ആ ടീമിന്റെ ഭാഗമായിരുന്നെന്നും അന്ന് തന്നോട് ആരും പാകിസ്താനിലേക്ക് പോകാൻ പറഞ്ഞില്ലെന്ന് ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു.

'' ഞാൻ സംസാരിക്കുന്നത് കുറച്ചു നാളുകൾ മുന്നേയുള്ള കാര്യമാണ്, പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ട പല മത്സരങ്ങളിലും ഞാൻ ഇന്ത്യൻ ടീമിലുണ്ടായിരുന്നു, അന്ന് പക്ഷേ എന്നോട് ആരും പാകിസ്താനിൽ പോകാൻ പറഞ്ഞിരുന്നില്ല, ഈ അധിക്ഷേപം അവസാനിപ്പിക്കേണ്ടതാണ്''- ഇതായിരുന്നു പത്താന്റെ ട്വീറ്റ്.

നേരത്തെ ഷമിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം വീരേന്ദ്രർ സെവാഗ് രംഗത്തെത്തിയിരുന്നു. ഷമിക്കെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ഞങ്ങൾ അവനൊപ്പം നിൽക്കുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു.

''ഷമിക്കെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ അവനൊപ്പം നിൽക്കുന്നു. അവനൊരു ചാംപ്യൻ ബൗളറാണ്. ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഓരോ താരത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്. ആ ദേശസ്‌നഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവർക്കില്ല. ഷമിക്കൊപ്പം''- ഇങ്ങനെയായിരുന്നു സെവാഗിന്റെ ട്വീറ്റ്.

ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്ത് എത്തി. ഷമിക്ക് പിന്തുണ നൽകേണ്ടത് ഇന്ത്യൻ ടീമിന്റെ കടമയാണെന്നായിരുന്നു ഒമറിന്റെ ട്വീറ്റ്. പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിലെ ഒരു താരമാണ് ഷമി. അദ്ദേഹം മാത്രമല്ല, ടീമിലുണ്ടായിരുന്നത്. സമൂഹ മാധ്യങ്ങളിൽ അധിക്ഷേപം നേരിട്ട ഷമിക്കൊപ്പം ടീം ഇന്ത്യ നിൽക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യ ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സിന് ഇന്ത്യൻ ടീം പിന്തുണ നൽകുന്നതിൽ യുക്തിയില്ലെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ ട്വീറ്റ്.

Similar Posts