India
മോദി സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് രാഹുല്‍, പരാമര്‍ശം മനഃപൂര്‍വമെന്ന് പരാതിക്കാരന്‍: നിര്‍ണായകവിധി ഉടന്‍
India

മോദി സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് രാഹുല്‍, പരാമര്‍ശം മനഃപൂര്‍വമെന്ന് പരാതിക്കാരന്‍: നിര്‍ണായകവിധി ഉടന്‍

Web Desk
|
4 Aug 2023 7:32 AM GMT

പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുല്‍

ഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സുപ്രിംകോടതിയില്‍ വാദം പുരോഗമിക്കുന്നു. 15 മിനിട്ടാണ് കോടതി ഇരു ഭാഗത്തിനും അനുവദിച്ചത്.

പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുലിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‍വി വാദിച്ചു. ബോധപൂർവമായി മോദി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആർ.എസ് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

അതേസമയം രാഹുലിന്റെ പരാമർശം ബോധപൂർവമെന്ന് പരാതിക്കാരൻ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി വാദിച്ചു. ഒരു സമുദായത്തെ മുഴുവന്‍ അധിക്ഷേപിച്ചു. അധിക്ഷേപത്തിന് കാരണം പ്രധാനമന്ത്രിയോടുള്ള വിരോധമാണെന്നും പരാതിക്കാരന്‍റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പരാമർശത്തിലൂടെ അപകീർത്തി ഉണ്ടായെന്നു പറയുന്നവര്‍ എല്ലാവരും ബി.ജെ.പിക്കാരാണെന്ന് മനു അഭിഷേക് സിങ്‍വി വാദിച്ചു. വാദം രാഷ്ട്രീയമാക്കരുതെന്ന് പറഞ്ഞ് കോടതി ഇടപെട്ടു. അതേസമയം മണ്ഡലത്തിൽ എം.പി ഇല്ലാതിരിക്കുന്നത് പ്രസക്തമായ കാര്യമാണെന്നും മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശത്തെ ബാധിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാർ മുമ്പ് സംസാരിച്ചത് എല്ലാം ഓർക്കാൻ കഴിയുന്നുണ്ടോയെന്നും പരാതിക്കാരനോട് കോടതി ആരാഞ്ഞു.

കഴിഞ്ഞ തവണ ഹരജി പരിഗണിച്ച് സുപ്രിംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് ധാർഷ്ട്യമെന്ന് കാട്ടി പരാതിക്കാരനായ പൂർണേഷ് മോദി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. എന്നാൽ കേസിൽ താൻ മാപ്പ് പറയില്ലെന്നും ഹരജിക്കാരൻ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത്‌ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ എത്തിയത്.

രാഹുൽ ഗാന്ധി നിരന്തരം വ്യക്തിഹത്യ നടത്തുന്ന നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത്‌ ഹൈക്കോടതി ഹരജി തള്ളിയത്. കള്ളൻമാരുടെ പേരില്‍ മോദിയെന്ന്‌ വന്നതെങ്ങനെ എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമർശമാണ്‌ കേസിന്‌ ആധാരം. ബി.ജെ.പി നേതാവ്‌ പുർണേഷ്‌ മോദിയുടെ പരാതിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയാണ്‌ രാഹുലിന് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കി.

Similar Posts