മോദിയെ ദൈവം അയച്ചത് അംബാനിയെയും അദാനിയെയും സഹായിക്കാന്‍; പരിഹസിച്ച് രാഹുല്‍
|മറ്റെല്ലാവരുടെയും ജനനം ജൈവികമാണ്. എന്നാല്‍ മോദിജിയുടേത് അങ്ങനെയല്ല
ഡിയോറിയ: തന്‍റെ ജനനം ജൈവീകമായി സംഭവിച്ചതല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോദിയെ ദൈവം അയച്ചതെന്ന് രാഹുല്‍ പറഞ്ഞു. അല്ലാതെ കർഷകരെയും തൊഴിലാളികളെയും സേവിക്കാനല്ല മോദിയെ അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് ഡിയോറിയയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
''മറ്റെല്ലാവരുടെയും ജനനം ജൈവികമാണ്. എന്നാല്‍ മോദിജിയുടേത് അങ്ങനെയല്ല, അംബാനിയെയും അദാനിയെയും സഹായിക്കാനാണ് പരമാത്മാവ് അദ്ദേഹത്തെ അയച്ചത്.പരമാത്മാവാണ് മോദിയെ അയച്ചിരുന്നെങ്കിൽ അദ്ദേഹം പാവപ്പെട്ടവരെയും കർഷകരെയും സഹായിക്കുമായിരുന്നു. ഇതെന്ത് ദൈവമാണ്, ഇത് മോദിയുടെ ദൈവമാണ്'' രാഹുല്‍ പറഞ്ഞു. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതിയെ ചവറ്റുകുട്ടയിലെറിയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുന്നണി ഭരണഘടനയെ സംരക്ഷിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ ദൈവമാണ് ഭൂമിയിലേക്ക് അയച്ചതെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. ''അദ്ദേഹം ദൈവപുത്രനാണെന്നാണ് പറയുന്നത്. നമ്മളെപ്പോലെ അദ്ദേഹത്തിന് ജൈവീകമായ മാതാപിതാക്കൾ ഇല്ലെന്ന് അവകാശപ്പെടുന്നു. ദൈവമാണ് തന്നെ അയച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. കലാപങ്ങൾ സംഘടിപ്പിക്കാനോ നുണകൾ പ്രചരിപ്പിക്കാനോ എൻ.ആർ.സിയുടെ പേരിൽ ആളുകളെ ജയിലിലടക്കാനോ ദൈവം ആരെയെങ്കിലും അയക്കുമോ?'' എന്നാണ് മമത ചോദിച്ചത്.
ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്നെ ദൈവമാണ് അയച്ചതെന്ന് മോദി പറഞ്ഞത്. ‘എൻ്റെ അമ്മ ജീവിച്ചിരുന്ന കാലം വരെ, ഞാൻ ജനിച്ചത് ജൈവീകമായിട്ടാണെന്നാണ് കരുതിയിരുന്നത്. അവരുടെ വിയോഗത്തിനു ശേഷം എൻ്റെ അനുഭവങ്ങൾ നോക്കുമ്പോൾ, ഞാൻ ദൈവത്താൽ അയച്ചതാണെന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ശക്തി എൻ്റെ ശരീരത്തിൽ നിന്നല്ല. അത് എനിക്ക് ദൈവം തന്നതാണ്. അതുകൊണ്ടാണ് ദൈവം എനിക്ക് ഇത് ചെയ്യാനുള്ള കഴിവും ശക്തിയും ശുദ്ധഹൃദയവും പ്രചോദനവും നൽകിയത്. ഞാൻ ദൈവം അയച്ച ഒരു ഉപകരണമല്ലാതെ മറ്റൊന്നുമല്ല''എന്നായിരുന്നു മോദിയുടെ വാക്കുകള്‍.