മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും
|പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും
ഡല്‍ഹി: അപകീര്‍ത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുന്നത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകും. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും.
സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുന്നത്. സൂറത്ത് സെഷന്‍സ് കോടതി ഹരജി ഇന്ന് തന്നെ പരിഹരിക്കാൻ ഇടയില്ല. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ച നിയമോപദേശം. വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭ അംഗത്വം തിരികെ ലഭിക്കും. ഉച്ചയ്ക്ക് ശേഷം സൂറത്തിൽ എത്തുന്ന രാഹുൽ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പമാകും കോടതിയിൽ എത്തുക.
എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്. ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിക്ക് എതിരായ കോൺഗ്രസ് പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി തുടരുകയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ്, മഹിള കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ പാർലമെന്‍റ് മാർച്ച് നടത്തും.