അധികാരത്തിന്‍റെ പിന്നാലെ പോകാതിരുന്ന രാഹുലിനെ തേടിയെത്തിയ പ്രതിപക്ഷ നേതൃസ്ഥാനം
|വിമർശനങ്ങൾ ഉൾക്കൊണ്ടും സ്വയം പുതുക്കിപണിതും മുന്നോട്ട് പോയ നേതാവിന്‍റെ വിജയം കൂടിയാണ് പ്രതിപക്ഷ നേതൃപദവി
ഡല്‍ഹി: അധികാരത്തിന്‍റെ പിന്നാലെ പോകാതിരുന്ന രാഹുൽ ഗാന്ധിയെ തേടിവരികയായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനം. രാജകുമാരൻ എന്ന് മുതൽ പപ്പു എന്ന് വരെ പരിഹാസം കേട്ട രാഹുലിന്‍റെ ശക്തമായ തിരിച്ചുവരവാണ് 2024 ലെ തെരെഞ്ഞെടുപ്പ്. വിമർശനങ്ങൾ ഉൾക്കൊണ്ടും സ്വയം പുതുക്കിപണിതും മുന്നോട്ട് പോയ നേതാവിന്‍റെ വിജയം കൂടിയാണ് പ്രതിപക്ഷ നേതൃപദവി.
2006 ജൂണിൽ സിംഗപ്പൂർ സന്ദർശിച്ച രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ലീ ക്വൻ യു അത്താഴ വിരുന്നിനു ശേഷം ഒരു ഉപദേശം നൽകി. രാജ്യത്തിന്റെ സങ്കീര്ണതകളെപ്പറ്റി അറിവുണ്ടാകുന്നത് വരെ ,കഴിവുറ്റ ഒരു ടീമ് കൂടെയുണ്ടാകുന്നത് വരെയും നേതൃത്വം ഏറ്റെടുക്കരുത് . രാഷ്ട്രീയത്തിന്‍റെ പേരിൽ തേജോവധം ചെയ്യപ്പെടുമ്പോഴും പകയില്ലാതെ ,സ്നേഹം തിരികെ നൽകി എന്നതിലായിരിക്കും രാഹുൽ എക്കാലവും ഓർമ്മിക്കപ്പെടുക. പടിപടിയായിട്ടായിരുന്നു രാഹുലിന്‍റെ രാഷ്ട്രീയ വളർച്ച 2007 ഇൽ എൻ എസ് യുവിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയായി. 2013 ൽ വൈസ് പ്രസിഡന്‍റ് 2017 ഇൽ കോൺഗ്രസ് അധ്യക്ഷൻ . 2019 ഇലെ കനത്ത പരാജയം രാഹുൽ ഗാന്ധിക്ക് കടുത്ത പ്രഹരമായത്. കോൺഗ്രസിന്‍റെ കൂട്ട തോൽവി മാത്രമായിരുന്നില്ല അമേഠി ലോക്സഭാ മണ്ഡലത്തിലെ പ്രഹരം കൂടിയായിരുന്നു. വിശ്വസ്തരായി രാഹുൽ ഗാന്ധി ചേർത്തു നിർത്തിയിരുന്ന നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറി .
പപ്പു വിളികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പരാജയത്തിന്‍റെ കാരണക്കാരനായി ലോകം തന്‍റെ നേരെ വിരൽ ചൂണ്ടുന്നതായി തിരിച്ചറിഞ്ഞു കോൺഗ്രസ് അധ്യക്ഷ പദത്തിൽ നിന്നും പടിയിറങ്ങി. ചൗക്കിദാർ ചോർ മുദ്രാവാക്യം തിരിച്ചടിയായിയെന്നു ചൂണ്ടിക്കാട്ടി വിമർശകർ പ്രതിക്കൂട്ടിലാക്കി. രാഹുൽ അധ്യക്ഷപദത്തിൽ തിരികെ എത്തണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടപ്പോഴും വഴങ്ങിയില്ല. അപമാനങ്ങളുടെ നീരാളിപ്പിടുത്തത്തെ രാഹുൽ ഗാന്ധി കുടഞ്ഞു കളഞ്ഞത് ഭാരത് ജോഡോ യാത്രയിലൂടെയായിരിന്നു.
കന്യാകുമാരി മുതൽ ശ്രീനഗർ വരെ 145 ദിവസം കൊണ്ട് 3570 കിലോമീറ്റർ രാഹുൽ നടന്നു. സംഘർഷ ബാധിതമായ മണിപ്പൂരിൽ സമാധാന ദൂതുമായി എത്തിയ രാഹുലിന് രണ്ട് ലോക്‌സഭാ സീറ്റും നൽകി. കോടതി വിധിയിലൂടെ ലോക്‌സഭാ അംഗത്വം നഷ്ടമായപ്പോൾ ഡൽഹിയിൽ ഒരു വീട് നഷ്‍ടമായ രാഹുലിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ വീട് നൽകാൻ തയാറായി. ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സീറ്റുകളിലാണ് കോൺഗ്രസ് ഇത്തവണ മത്സരിച്ചത്. ശക്തമായ പ്രതിപക്ഷ നിരയെ വാർത്തെടുക്കാൻ കഴിഞ്ഞത് ഇന്‍ഡ്യാ മുന്നണിയിൽ രാഹുൽ നടത്തിയ വിട്ടുവീഴ്‌ചയിലൂടെയായിരുന്നു. ആ സഹനമാണ് രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവ് എന്ന പദവിയിലേക്ക് രാഹുലിന് വഴി തുറന്നു നൽകിയത്.