രാഹുൽ ഗാന്ധി നാളെ ഗുജറാത്തിൽ; പ്രചാരണം സജീവമാക്കാനൊരുങ്ങി കോൺഗ്രസ്
|ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടമായാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗാന്ധിനഗർ: ഡിസംബർ ആദ്യ വാരം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രാഹുൽ ഗാന്ധി നാളെ പ്രചാരണത്തിനെത്തും. രാജ്‌കോട്ടിലും സൂറത്തിലും ഓരോ റാലികളിൽ രാഹുൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്ര നയിക്കുന്നതിനാൽ രാഹുൽ ഇതുവരെ ഗുജറാത്തിൽ എത്തിയിരുന്നില്ല. രണ്ട് ദിവസം ജോഡോ യാത്ര നിർത്തിവെച്ചാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങുന്നത്.
ഹിമാചൽപ്രദേശിൽ രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങിയിട്ടില്ല. പ്രിയങ്കാ ഗാന്ധിയാണ് അവിടെ കോൺഗ്രസ് പ്രചാരണം നയിക്കുന്നത്. എന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി പ്രചാരണത്തിൽ ഏറെ മുന്നേറിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാഹുൽ പ്രചാരണത്തിനിറങ്ങുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നേരിട്ട് പ്രചാരണം നയിക്കുന്ന ഗുജറാത്തിൽ ആം ആദ്മി കോൺഗ്രസിനെക്കാൾ ഏറെ മുന്നിലാണ്. രാഹുൽ അടക്കമുള്ള ദേശീയ നേതാക്കൾ എത്താത്തതിൽ ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുൽ ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് പ്രചാരണത്തിനെത്തുന്നത്.
ഭാരത് ജോഡോ യാത്ര തുടങ്ങുന്നതിന് മുമ്പ് സെപ്റ്റംബർ ആദ്യ വാരത്തിൽ രാഹുൽ ഗാന്ധി ഗുജറാത്തിലെത്തിയിരുന്നു. 2017-ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞിരുന്നു. 77 സീറ്റുകളാണ് അന്ന് കോൺഗ്രസ് നേടിയത്. 1985-ന് ശേഷം കോൺഗ്രസിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. ബി.ജെ.യുടെ സീറ്റ് നില നൂറ് കടക്കാതെ പിടിച്ചുനിർത്താനായാലും കോൺഗ്രസിന് വൻ നേട്ടമായിരുന്നു.
ഗോത്രമേഖലകളിൽ ഗാന്ധി കുടുംബത്തിന് ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 14 ശതമാനമാണ് ഗുജറാത്തിൽ ഗോത്ര വിഭാഗത്തിന്റെ വോട്ട് വിഹിതം. ഗാന്ധി കുടുംബത്തിൽനിന്ന് ഒരു നേതാവ് സംവരണ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തിയാൽ ഗോത്ര വിഭാഗത്തിന്റെ വോട്ടിൽ വലിയൊരു ഭാഗം സ്വന്തമാക്കാനാകുമെന്നാണ് നേതാക്കൾ കരുതുന്നത്.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടമായാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.