India
rahul gandhi
India

പ്രതിപക്ഷ നായകനാകാൻ രാഹുൽ? ഭാരത് ജോഡോ തുണച്ചെന്ന് കോൺഗ്രസ് നേതാക്കൾ

Web Desk
|
8 Jun 2024 8:53 AM GMT

വയനാടോ റായ്ബറേലിയോ? ഏതെങ്കിലും ഒരു മണ്ഡലം മാത്രമേ രാഹുലിന് നിലനിർത്താനാകൂ

ഡൽഹി: രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കൾ. ഭാരത് ജോഡോ യാത്ര കടന്ന് പോയ സംസ്ഥാനങ്ങളിൽ മികച്ച വിജയം കൈവരിക്കാനായി. ഭരണഘടന തകർക്കാനുള്ള ശ്രമത്തിന് ജനം മറുപടി നൽകിയെന്നും ഏകാധിപത്യം ജനം തള്ളിയെന്നും പ്രവർത്തക സമിതി വിലയിരുത്തി. നേതാക്കൾ അൽപസമയത്തിനകം മാധ്യമങ്ങളെ കാണും.

വയനാട് നിലനിർത്തണമെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റായ്ബറേലി നിലനിർത്തണമെന്ന് ഉത്തർപ്രദേശ് ഡിസിസിയും ആവശ്യപ്പെട്ടതായാണ് വിവരം. വിജയത്തിന് നന്ദി പറയാനായി രണ്ടുമണ്ഡലങ്ങളിലും അടുത്തയാഴ്ച രാഹുൽ ഗാന്ധി സന്ദർശനം നടത്തുമെന്നാണ് വിവരം. ഇതിന് ശേഷമാകും ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ രാഹുൽ അന്തിമ തീരുമാനം എടുക്കുക.

ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാകും. പത്ത് ദിവസത്തിനുള്ളിൽ രാഹുൽ ഒരു മണ്ഡലം കൈയൊഴിയണം. ഉത്തരേന്ത്യയിൽ ഇൻഡ്യ മുന്നണി മികച്ച വിജയം നേടിയസ്ഥതിക്ക് രാഹുൽ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചേക്കുമെന്നാണ് സൂചന. 17 സീറ്റിൽ യുപിയിൽ മത്സരിച്ച കോൺഗ്രസ്, ആറ് സീറ്റിൽ വിജയിച്ചിരുന്നു.

ഏഴു കേന്ദ്രമന്ത്രിമാരെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം യുപിയിൽ മികച്ച വിജയം തേടിയതോടെ, സംസ്ഥാനത്തെ പാർട്ടി പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽഗാന്ധിയുടെ ശ്രമം. വയനാട് രാജിവച്ചാൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്താൻ ആറു മാസം വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ സമയമുണ്ട്.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് രാവിലെ 11 മണിയോടെയാണ് യോഗം തുടങ്ങിയത്. മുഴുവൻ കോൺഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് പ്രവർത്തക സമിതി യോഗം ചേർന്നത്.

Similar Posts