അന്നാ ഓർഡിനൻസ് രാഹുല്‍ കീറിയെറിഞ്ഞിരുന്നില്ലെങ്കില്..! വീണ്ടും ചര്‍ച്ചയായി 2013ലെ വാര്‍ത്താസമ്മേളനം
|യു.പി.എ സർക്കാരിന്റെ ഓർഡിനൻസിനെതിരെ പരസ്യമായി രംഗത്തെത്തിയ പ്രമുഖരുടെ കൂട്ടത്തില്‍ അന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു
ന്യൂഡൽഹി: മോദി വിമർശനത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമായിരിക്കുകയാണ്. സൂറത്ത് കോടതി രാഹുലിന് തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കി ലോക്സഭാ സെക്രട്ടറി വിജ്ഞാപനമിറക്കിയത്.
എന്നാൽ, ഇത്തരമൊരു സാഹചര്യം തടയാൻ 2013ൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ഒരു നീക്കം നടത്തിയിരുന്നു. ജനപ്രതിനിധികൾ പെട്ടെന്ന് അയോഗ്യരാകുന്ന സ്ഥിതി തടയാനായി കൊണ്ടുവന്ന പ്രത്യേക ഓർഡിനൻസ് അന്ന് രാഹുൽ ഗാന്ധി പരസ്യമായി കീറിക്കളഞ്ഞ് പ്രതിഷേധിച്ചിരുന്നുവെന്നതാണ് ഏറെ വിചിത്രകരം.
എന്താണ് ലില്ലി തോമസ് കേസ്?
2005ലാണ് ജനപ്രാതിനിധ്യ നിയമത്തിൽ കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന വകുപ്പിനെതിരെ മുതിർന്ന അഭിഭാഷകയായിരുന്ന ലില്ലി തോമസ് നിയമപോരാട്ടം ആരംഭിക്കുന്നത്. മൂന്നു മാസം വരെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് തടയുന്ന വകുപ്പിനെതിരെയാണ് അഭിഭാഷകനായ സത്യ നാരായൺ ശുക്ലയ്ക്കൊപ്പം ലില്ലി റിട്ട് ഹരജി നൽകിയത്.
2013 ജൂലൈ 10നാണ് ഹരജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി വരുന്നത്. ക്രിമിനൽ കേസുകളിൽ കുറ്റവാളികളാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് സംരക്ഷണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ജനപ്രാതിനിധ്യ നിയമം(ആർ.പി.എ) എട്ടാം വകുപ്പ്(നാല്) കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ എ.കെ പട്നായിക്, എസ്.ജെ മുഖോപാധ്യായ എന്നിവർ അംഗങ്ങളായ ബെഞ്ചായിരുന്നു വിധി പറഞ്ഞത്.
ഏതെങ്കിലും ക്രിമിനൽ കേസുകളിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ടു വർഷമോ അതിൽ അധികമോ കാലത്തേക്ക് കോടതി ജയിൽശിക്ഷ വിധിച്ചാൽ ആ ദിവസം തന്നെ അയോഗ്യനാകുന്ന തരത്തിലാണ് പുതിയ നിയമം വന്നത്. ഇതോടൊപ്പം ജയിൽശിക്ഷ കഴിഞ്ഞ് ആറു വർഷത്തേക്കുകൂടി അയോഗ്യത തുടരും. ഈ കാലയളവിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. 'ലില്ലി തോമസ് വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ' എന്ന പേരിലാണ് ഈ കേസ് അറിയപ്പെടുന്നത്.
മൻമോഹൻ സിങ് സർക്കാരിന്റെ ഓർഡിനൻസും രാഹുലിന്റെ പ്രതിഷേധവും
ഇതേ വർഷം തന്നെ കോടതി വിധിയെ മറികടക്കാൻ യു.പി.എ സർക്കാർ ഒരു നീക്കം നടത്തി. പ്രത്യേക ഓർഡിനൻസിലൂടെ പഴയ വകുപ്പ് പുനഃസ്ഥാപിക്കാനായിരുന്നു നീക്കം. 2013 സെപ്റ്റംബറിലായിരുന്നു അത്. അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്ന യു.പി.എ ഘടകകക്ഷി നേതാവ് കൂടിയായിരുന്ന ലാലു പ്രസാദ് യാദവ് അയോഗ്യത നേരിട്ട ഘട്ടം കൂടിയായിരുന്നു ഇത്. ഇതുകൂടി മുൻകൂട്ടിക്കണ്ടായിരുന്നു യു.പി.എ സർക്കാരിന്റെ ഓർഡിനൻസ് നീക്കം.
എന്നാൽ, ഏറെ കൗതുകകരമെന്നോണം യു.പി.എ സർക്കാരിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ പ്രമുഖ നേതാക്കളിൽ മുന്നിൽ അന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. വാർത്താസമ്മേളനം വിളിച്ച് രാഹുൽ ഓർഡിനൻസ് കീറിക്കളഞ്ഞ് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ശുദ്ധ അസംബന്ധമാണ് ഓർഡിനൻസ് എന്നാണ് അന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്. ഓർഡിനൻസ് കീറിയെറിയണമെന്നും ഇതുതന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നായിരുന്നു ഒരുപടി കൂടി കടന്ന് ഓർഡിനൻസ് കീറിക്കളഞ്ഞത്.
രാഹുലിനൊപ്പം പ്രതിപക്ഷത്തുനിന്നും ഓർഡിനൻസിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. ഒടുവിൽ നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയുകയായിരുന്നു.
Summary: Rahul Gandhi tore ordinance in 2013 for 3-month protection from disqualification