വിജേന്ദറിനൊപ്പം മീശ പിരിച്ച് രാഹുല്‍ ഗാന്ധി; വൈറലായി ചിത്രങ്ങള്‍
|ഭാരത് ജോഡോ യാത്ര ആരംഭിച്ചതിനു ശേഷമാണ് രാഹുല്‍ താടിയും മീശയും വളര്‍ത്തിത്തുടങ്ങിയത്
ഭോപ്പാല്‍: മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോക്സിംഗ് താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്. ഖാർഗോണിലൂടെ കടന്നുപോയ യാത്രയില്‍ പങ്കെടുത്ത വിജേന്ദര്‍ രാഹുലിനൊപ്പം കിലോമീറ്ററുകളോളം നടന്നു. ഇരുവരും മീശ പിരിച്ചുകൊണ്ട് നടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഭാരത് ജോഡോ യാത്ര ആരംഭിച്ചതിനു ശേഷമാണ് രാഹുല്‍ താടിയും മീശയും വളര്‍ത്തിത്തുടങ്ങിയത്. ഭാരത് ജോഡോ യാത്രയോടുള്ള രാഹുലിന്‍റെ ആത്മാര്‍ഥതയുടെ തെളിവാണിതെന്നായിരുന്നു അണികളുടെ പ്രതികരണം. അതിനിടയില്‍ രാഹുലിനെ കണ്ടാല്‍ സദ്ദാം ഹുസൈനെപ്പോലുണ്ടെന്ന തരത്തിലുള്ള പരിഹാസങ്ങളും ഉയര്‍ന്നുവന്നിരുന്നു. സെപ്റ്റംബര്‍ ഏഴിനു കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച രാഹുലിന്‍റെ യാത്ര മധ്യപ്രദേശിലെത്തിയിരിക്കയാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പദയാത്രയുടെ ഭാഗമായിട്ടുണ്ട്.
കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിച്ചത് അഴിമതിക്കാരായ എം.എല്‍.എമാര്‍ക്ക് 2025 കോടി നല്‍കിയാണെന്ന് രാഹുല്‍ ആരോപിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജനാധിപത്യപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുല്‍ പറഞ്ഞു. വിദ്വേഷം, അക്രമം, രാജ്യത്തു പരത്തുന്ന ഭീതി എന്നിവയ്ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയുമാണ് യാത്രയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത വർഷമാദ്യം കശ്മീരിൽ സമാപിക്കാനിരിക്കുന്ന 3,500 കിലോമീറ്റർ യാത്രയിൽ പങ്കെടുത്ത ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് വിജേന്ദർ സിങ്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അദ്ദേഹം. ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ വിജേന്ദർ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ വിജേന്ദര്‍ വെങ്കലം നേടിയിരുന്നു. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്സര്‍ കൂടിയാണ് വിജേന്ദര്‍.
बॉक्सिंग रिंग के अजेय योद्धा @boxervijender आज आपने #BharatJodoYatra में सड़क पर उतरकर खेत-खलिहान और युवाओं की आवाज़ को ताकत दी है।
— Congress (@INCIndia) November 25, 2022
शुक्रिया आपका...🙏🏻 pic.twitter.com/4oZOFqPdp9