'അമ്മ': ഭാരത് ജോഡോ യാത്രക്കിടെ സോണിയയുടെ ഷൂ ലെയ്‍സ് കെട്ടിക്കൊടുത്ത് രാഹുൽ; ചിത്രം പങ്കുവെച്ച് കോൺഗ്രസ്
|നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സോണിയാഗാന്ധി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്
മാണ്ഡ്യ: കർണ്ണാടകയിൽ രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യിൽ പങ്കെടുത്ത് സോണിയാ ഗാന്ധി. ആരോഗ്യപരമായ പ്രശ്‌നങ്ങൾ മൂലം നീണ്ട ഇടവേളകൾക്ക് ശേഷമാണ് സോണിയാഗാന്ധി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. അനാരോഗ്യത്തെയും മറികടന്നാണ് ആയിരക്കണക്കിന് പ്രവർത്തകരുടെ കൂടെ സോണിയ നടന്നത്. നടക്കുന്നതിനിടയിൽ സോണിയയുടെ ഷൂവിന്റെ ലെയ്സ് രാഹുൽ കെട്ടിക്കൊടുക്കുകയും ചെയ്തു.
'അമ്മ' എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. കുറച്ച് ദൂരം നടന്ന ശേഷം സോണിയയെ രാഹുൽ ഗാന്ധി നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. നടന്നത് മതിയെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ വീണ്ടും നടക്കുന്ന സോണിയാഗാന്ധിയെ തടഞ്ഞുനിർത്തിയാണ് രാഹുൽ കാറിൽ കയറ്റിയത്. സോണിയയെ തോൾചേർത്താണ് രാഹുൽഗാന്ധി നടന്നിരുന്നത്.
രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. ബെല്ലാരിയിൽ നടക്കുന്ന പൊതു സമ്മേളനത്തേയും സോണിയ ഗാന്ധി അഭിസംബോധന ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെയാണ് സോണിയാ ഗാന്ധി മൈസൂരിലെത്തിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ സോണിയാഗാന്ധിക്ക് കൊവിഡ് ബാധിച്ചിരുന്നു. അതിന് ശേഷം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്നു. അതിന് ശേഷമുള്ള ആദ്യ പൊതുയാത്രയാണിത്. 2016ൽ വാരാണസിയിൽ നടന്ന റോഡ്ഷോയിലാണ് അവർ അവസാനമായി പങ്കെടുത്തത്.
കേരളത്തിലേതിന് സമാനമായി വലിയ ജനപങ്കാളിത്തമാണ് കർണാടകയിലും ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്. സെപ്തംബർ ഏഴിനാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. സോണിയ ഗാന്ധി മാർച്ചിൽ പങ്കെടുത്തത് പാർട്ടിക്ക് അഭിമാനകരമാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റർ കാൽനടയായി 'ഇന്ത്യയെ ഒന്നിപ്പിക്കുക' എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി നടക്കുന്നത്.