India
PCC president Ajay Rai says that Congress leader Rahul Gandhi will contest from Amethi in Uttar Pradesh in the next Lok Sabha elections as well.
India

'രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കും'; 2024 ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് യു.പി പി.സി.സി അധ്യക്ഷൻ

Web Desk
|
18 Aug 2023 11:04 AM GMT

കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നുവെങ്കിലും വയനാട്ടിൽ മാത്രമാണ് വിജയിച്ചിരുന്നത്

ലഖ്‌നൗ: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിക്കുമെന്ന് പി.സി.സി അധ്യക്ഷൻ അജയ് റായ്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് യുപി പിസിസിയുടെ പുതിയ പ്രസിഡൻറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, പ്രിയങ്ക ഗാന്ധി അവർക്ക് ഇഷ്ടമുള്ളയിടത്ത് മത്സരിക്കുന്നമെന്നും ഇഷ്ടമുണ്ടെങ്കിൽ വാരണാസിയിൽ മോദിക്ക് എതിരെ മത്സരിക്കാൻ പ്രിയങ്ക എത്തുമെന്നും അജയ് റായ് പറഞ്ഞു. പ്രിയങ്ക വാരണാസിയിൽ മത്സരിച്ചാൽ അവരെ വിജയിപ്പിക്കാൻ പ്രവർത്തകർ ഒന്നിച്ചിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നുവെങ്കിലും വയനാട്ടിൽ മാത്രമാണ് വിജയിച്ചിരുന്നത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിയാണ് 2019 ലെ തെരഞ്ഞെടുപ്പിൽ രാഹുലിനെ തോൽപ്പിച്ചത്. 55,120 വോട്ടിനാണ് സ്മൃതി രാഹുലിനെ അട്ടിമറിച്ചത്. സ്മൃതി 4,68,514 വോട്ട് നേടിയപ്പോൾ രാഹുലിന് 4,13,394 വോട്ടാണ് ലഭിച്ചത്. 2004 മുതൽ 2014 വരെ മണ്ഡലത്തിലെ എംപിയായിരുന്നു രാഹുൽ. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിലെല്ലാം രാഹുൽ വിജയിച്ചു. അതിന് മുമ്പ് 1999ൽ സോണിയ ഗാന്ധിയായിരുന്നു ലോക്‌സഭയിൽ അമേഠിയെ പ്രതിനിധീകരിച്ചത്.

1967 മുതൽ അമേഠി കോൺഗ്രസ് കയ്യിലായിരുന്നു. 1977 -80 കാലയളവിലെ മൂന്ന് വർഷവും 1998-99 കാലത്തെ ഒരു വർഷവും മാത്രമാണ് കോൺഗ്രസിന് മണ്ഡലം നഷ്ടപ്പെട്ടിരുന്നത്. 1967 മുതൽ 1971 വരെ കോൺഗ്രസിന്റെ വിദ്യാ ധർ ബാജ്‌പേയായിരുന്നു അമേഠി എം.പി. 1977ൽ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് വിജയിച്ചു. എന്നാൽ 1980ൽ സഞ്ജയ് ഗാന്ധിയും 1981 മുതൽ 1991 വരെ രാജീവ് ഗാന്ധിയും മണ്ഡലത്തിലെ എംപിയായി. പിന്നീട് 1996 വരെ കോൺഗ്രസിലെ തന്നെ സതീശ് ശർമ എംപിയായി. എന്നാൽ 1998ൽ ബിജെപി പ്രതിനിധിയായ സഞ്ജയ് സിംഗ് മണ്ഡലത്തിൽ വിജയിച്ചു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക രംഗത്തിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം അജയ് റായ് സ്ഥാനാർഥിയാകുകയായിരുന്നു. 2014ലും വാരണാസിയിൽ അജയ് റായിയായിരുന്നു മോദിയുടെ എതിരാളി.

അതേസമയം, രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. രാഹുൽ കേരളം വിട്ടു പോകില്ലെന്നാണ് പ്രതീക്ഷയെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈകമാൻഡാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

PCC president Ajay Rai says that Congress leader Rahul Gandhi will contest from Amethi in Uttar Pradesh in the next Lok Sabha elections as well.

Similar Posts