India
Rahul Gandhi
India

അപകീർത്തി കേസിലെ കോടതി വിധി: രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി നൽകും

Web Desk
|
24 April 2023 1:32 AM GMT

വിധി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം

ന്യൂഡൽഹി: അപകീർത്തി കേസിലെ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി നൽകും. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. പട്‌ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ബിഹാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയും ഇന്നാണ് പരിഗണിക്കുന്നത്.

മോദി പരാമർശത്തിന്റെ പേരിൽ അപകീർത്തി കേസിൽ സൂറത്ത് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിൽ എത്തുന്നത്. സൂറത്ത് സി.ജെ.എം കോടതി വിധിച്ച രണ്ട് വർഷം തടവ് അപ്പീൽ പരിഗണിക്കുന്നത് വരെ സെഷൻ കോടതി മരവിപ്പിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് ഉത്തരവ് കൂടി മരവിപ്പിച്ചാൽ നഷ്ടമായ ലോക്‌സഭാംഗത്വം രാഹുൽ ഗാന്ധിക്ക് തിരികെ ലഭിക്കും . വീട്, ഓഫീസ്, സ്റ്റാഫ് അംഗങ്ങൾ എന്നിവയും മടക്കികിട്ടും.

മോദി പരാമർശത്തിന്റെ പേരിൽ നാളെ രാഹുൽ ഗാന്ധി പട്‌ന കോടതിയിൽ ഹാജരാകണമെന്ന ഉത്തരവിനെതിരെ സമർപ്പിച്ച ഹരജിയാണ് ഇന്ന് ബീഹാർ ഹൈക്കോടതി പരിഗണിക്കുന്നത്. ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ സുശീൽകുമാർ മോദിയുടെ ഹരജിയിലാണ് എംപിമാറുടെയും എംഎൽഎ മാരുടെയും പ്രത്യേക കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചത്.

ഒരു കുറ്റത്തിന്റെ പേരിൽ രണ്ടു ശിക്ഷ പാടില്ലെന്ന് ഭരണഘടനാ വ്യക്തമാക്കുമ്പോഴാണ് മോദി പരാമർശത്തിന്റെ പേരിൽ തന്നെ അപകീർത്തി കേസ് രാഹുലിനെതിരെ പട്‌നയിലും എടുത്തിരിക്കുന്നത്.


Similar Posts