രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നേരത്തെ അവസാനിപ്പിച്ചേക്കും
|പടിഞ്ഞാറൻ യു.പിയിലെ ജില്ലകൾ യാത്രയിൽനിന്ന് ഒഴിവാക്കിയേക്കും.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നേരത്തെ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. മാർച്ച് രണ്ടാം വാരത്തോടെ യാത്ര അവസാനിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. പടിഞ്ഞാറൻ യു.പിയിലെ ജില്ലകൾ യാത്രയിൽനിന്ന് ഒഴിവാക്കിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് യാത്ര വെട്ടിക്കുറക്കുന്നത് എന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.
ലോക്സഭാ തെരഞ്ഞെടുപ്പ് യാത്രയിൽ വിഷയമാകില്ലെന്നാണ് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ വടക്കുപടിഞ്ഞാറൻ യു.പിയിലെ സുപ്രധാന കക്ഷിയായ ആർ.എൽ.ഡി ഇൻഡ്യ മുന്നണി വിടുമെന്ന റിപ്പോർട്ട് വന്നതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായത്. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ ചെറുമകനാണ് ഇപ്പോൾ ആർ.എൽ.ഡിയെ നയിക്കുന്ന ജയന്ത് ചൗധരി. ചരൺ സിങ്ങിന് ഭാരതരത്ന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആർ.എൽ.ഡി കാലുമാറുമെന്ന റിപ്പോർട്ടുകൾ വന്നത്.
വടക്കുപടിഞ്ഞാറൻ യു.പിയിലെ ആർ.എൽ.ഡി ശക്തികേന്ദ്രങ്ങളെ ഒഴിവാക്കി മാർച്ച് 16-17 തീയതികളിൽ യാത്ര അവസാനിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.