രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരില്‍
|നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് തരിഗാമി തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ യാത്രയുടെ ഭാഗമാകും
ജമ്മു കശ്മീര്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ. ഹാറ്റ്ലി മോറിൽ നിന്നാണ് ഇന്ന് പദയാത്ര ആരംഭിച്ചത്. നാഷണല്‍ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് തരിഗാമി തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ യാത്രയുടെ ഭാഗമാകും. കർശന സുരക്ഷയാണ് യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ചിലയിടങ്ങളിൽ സുരക്ഷ പ്രശ്നങ്ങൾ ഉണ്ടെന്നും കാറിൽ സഞ്ചരിക്കണമെന്നും സുരക്ഷ ഏജൻസികൾ നിർദേശം നൽകിയിട്ടുണ്ടെങ്കിലും മുഴുവൻ ദൂരവും നടക്കാനാണ് കോൺഗ്രസ് തീരുമാനം.
സെപ്റ്റംബറിൽ കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ശ്രീനഗറിൽ അവസാനിക്കും.ഇന്നലെയാണ് യാത്ര ജമ്മുവില്‍ പ്രവേശിച്ചത്. പഞ്ചാബിലെ കോൺഗ്രസ് ഘടകം ജമ്മു കശ്മീർ ഘടകത്തിലെ ഒരു നേതാവിന് പാർട്ടി പതാക കൈമാറി. നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ല രാഹുലിനെ സ്വാഗതം ചെയ്തു.''വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഇന്ന് നിങ്ങൾ അതാണ് ചെയ്യുന്നത്'' ഫറൂഖ് അബ്ദുല്ല പറഞ്ഞു. മതത്തിന്‍റെ പേരിൽ ആളുകൾ ഭിന്നിച്ചിരിക്കുന്നതിനാൽ ഇന്നത്തെ ഇന്ത്യ രാമന്‍റെ ഭാരതമോ ഗാന്ധിയുടെ ഹിന്ദുസ്ഥാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു.നമ്മൾ ഒരുമിച്ചാൽ ഇന്നത്തെ വെറുപ്പിനെ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.