രാഹുല്‍ ഗാന്ധി ഈഗോയുള്ളയാള്‍; പക്ഷെ ഒന്നിനെക്കുറിച്ചും ധാരണയില്ലെന്ന് ജെ.പി നദ്ദ
|മോദി സമുദായത്തിനെതിരെയുള്ള പരാമർശത്തിൽ മാപ്പ് പറയാതെ ഒബിസി വിഭാഗത്തെ അവഹേളിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി
ഡല്‍ഹി: രാഹുൽ ഗാന്ധിക്ക് വലിയ ഈഗോയുണ്ടെന്നും എന്നാൽ ഒന്നിനെക്കുറിച്ചും അദ്ദേഹത്തിന് കാര്യമായ ധാരണയില്ലെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. കോടതി ഉത്തരവുണ്ടായിട്ടും മോദി സമുദായത്തിനെതിരെയുള്ള പരാമർശത്തിൽ മാപ്പ് പറയാതെ ഒബിസി വിഭാഗത്തെ അവഹേളിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.
വസ്തുതയ്ക്കപ്പുറം കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്ന ശീലം രാഹുൽ ഗാന്ധിക്കുണ്ടെന്ന് നദ്ദ ആരോപിച്ചു. ഒബിസി സമുദായം പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരെയാണ് പോരാടുന്നതെന്ന് കോൺഗ്രസ് ജനങ്ങളോട് പറയണമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതല്ല, കോടതിയുടെതാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''അവർ ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നു. രാഹുൽ ഗാന്ധി ഒബിസി സമുദായത്തെ അപമാനിക്കുകയും തന്റെ പരാമർശത്തിന് മാപ്പ് പറയാൻ ധിക്കാരപൂർവം വിസമ്മതിക്കുകയും ചെയ്തു," മന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു. കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി നേതാവുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.ഈ കേസിൽ രാഹുൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി. ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്ന സുപ്രിംകോടതിയുടെ താക്കീത് രാഹുൽ ഗാന്ധി കണക്കിലെടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു. എംപി പറയുമ്പോൾ ജനങ്ങളിൽ കൂടുതൽ സ്വാധീനം ഉണ്ടാകുമെന്നതിനാൽ കുറ്റത്തിന്റെ ഗൗരവം കൂടും. കുറഞ്ഞ ശിക്ഷ നൽകിയാൽ അത് തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നും വിധി പ്രസ്താവത്തിലുണ്ട്. 15,000 രൂപ കെട്ടിവെച്ച രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.