മോദിയെ പുറത്താക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് രാഹുൽ ഗാന്ധിയുടെ നുണകൾ: ഹിമന്ത ബിശ്വ ശർമ
|ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം രാജ്യത്തുടനീളം നുണ പ്രചരിപ്പിച്ചു
ദിസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ‘അന്താരാഷ്ട്ര ഗൂഢാലോചന’യുടെ ഭാഗമാണ് രാഹുൽ ഗാന്ധി പ്രചരിപ്പിച്ച നുണകളെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രതിപക്ഷ നേതാവ് ജനങ്ങളോട് ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്നും എന്നാൽ അതേക്കുറിച്ച് ചോദിക്കുമ്പോൾ ഉത്തരമില്ലെന്നും ശർമ കൂട്ടിച്ചേര്‍ത്തു.
“മോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം രാജ്യത്തുടനീളം നുണ പ്രചരിപ്പിച്ചു. എനിക്ക് രാഹുൽ ഗാന്ധിയോട് ചോദിക്കണം, പ്രധാനമന്ത്രി ഒബിസി ആണെങ്കിൽ എന്തുകൊണ്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒബിസിക്ക് നൽകിയില്ല?'' ശർമ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പൊതുതിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് രാഹുല്‍ നുണകൾ പ്രചരിപ്പിച്ചെന്നും ഇപ്പോൾ ഒബിസി, എസ്സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവരുടെ സംവരണം റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ റാലികളിലും ഭരണഘടനയുടെ പകർപ്പുമായി രാഹുൽ ഗാന്ധി കറങ്ങിനടന്നു.ഭരണഘടന ഇപ്പോൾ എവിടെപ്പോയി? ഇപ്പോൾ ഭരണഘടന അപകടത്തിലാണെന്ന് അദ്ദേഹം പറയുന്നില്ല. അന്ന് പെന്‍ഷനെക്കുറിച്ചും അഗ്നിവീര്‍ പദ്ധതിയെക്കുറിച്ചും സംസാരിച്ചു. ഇന്ന് അതിനെകികുറിച്ച് മിണ്ടുന്നില്ല. ഇപ്പോൾ അദ്ദേഹം സംവരണം നിര്‍ത്തലാക്കുന്നതിനെ അനുകൂലിക്കുന്നു'' ശര്‍മ ഹരിയാനയിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സോനിപത്, ജുലാന, കൽക്ക എന്നിവിടങ്ങളിൽ താൻ നടത്തിയ യോഗങ്ങളിൽ ജനങ്ങളിൽ നിന്നുള്ള പ്രതികരണം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 5ന് നടക്കും.ഒക്ടോബര്‍ 8നാണ് വോട്ടെണ്ണല്‍. 2019ൽ 40 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി അധികാരത്തിലെത്തിയിരുന്നു. കോൺഗ്രസിന് 30 സീറ്റുകളാണ് ലഭിച്ചത്.