രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രവേശനം; വീണ്ടും സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്
|പാർലമെന്റിൽ നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രവേശനം ഇനിയും വൈകിപ്പിച്ചാൽ കോൺഗ്രസ് നാളെ സുപ്രിംകോടതിയെ സമീപിക്കും. ലോക്സഭാംഗത്വം രാഹുൽ ഗാന്ധിക്ക് ഇന്നും തിരികെ നൽകിയില്ലെങ്കിൽ അഭിഷേക് മനു സിങ്വിയുടെ അധ്യക്ഷതയിലുള്ള നിയമസംഘമാണ് ഹരജി തയാറാക്കുക. അതിനിടെ രാഹുലിന് പിന്തുണയുമായി കൂടുതൽ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
പാർലമെന്റിൽ നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. മണിപ്പൂർ സന്ദർശനത്തിലെ അനുഭവങ്ങൾ ലോക്സഭയിൽ വിവരിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നത്. വൈകുന്നേരത്തിനുള്ളിൽ ലോക്സഭാ സെക്രട്ടറിയേറ്റ് നോട്ടിഫിക്കേഷൻ ഇറക്കിയില്ലെങ്കിൽ സുപ്രിംകോടതിയിൽ ഹരജി സമർപ്പിക്കുകയും നാളെ രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ മുമ്പാകെ പരാമർശിക്കുകയും ചെയ്യും.
സൂറത്ത് സെഷൻസ് കോടതിയിലെ അപ്പീൽ 21 തിയതിയാണ് കേട്ട് തുടങ്ങുന്നത്. അതുവരെ നോട്ടിഫിക്കേഷൻ നീട്ടികൊണ്ടുപോകുകയും സ്റ്റേ ഒഴിവാക്കാനായി ഗുജറാത്ത് സർക്കാർ വീണ്ടും ശ്രമിക്കുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. വെള്ളിയാഴ്ചയാണ് മഴക്കാല സമ്മേളനം അവസാനിക്കുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരടക്കം രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.