ഇന്ത്യൻ ടീം നന്നായി കളിച്ചു, 'ദുശ്ശകുനം' എത്തിയതോടെ കളി തോറ്റു; രാഹുൽ ഗാന്ധി
|രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി
ജയ്പൂര്‍: ലോകകപ്പ് കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
'ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ 'ദുശ്ശകുനം' എത്തിയതോടെ കളി തോറ്റു'- രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ലോകകപ്പ് ഫൈനലില്‍ ആസ്ട്രേലിയയോട് തോറ്റ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോള്‍ ക്യാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തിയത്.
ഫൈനലിൽ പരാജയം ഏറ്റുവാങ്ങിയ ടീം അംഗങ്ങൾ ഏറെ ദുഃഖിതരായിരുന്നു. ഇതിനിടെയാണ് ക്യാമറകളുമായി പ്രധാനമന്ത്രി ഡ്രസ്സിങ് റൂമിലേക്ക് എത്തുന്നത്. ടീം അംഗങ്ങൾ വളരെ അസ്വസ്ഥരായിരുന്നുവെന്നാണ് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചത്.
പിന്നാലെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദും മോദിയെ വിമർശിച്ച് രംഗത്തെത്തി. "എല്ലാ ടീമുകളുടെയും സങ്കേതമാണ് ഡ്രസ്സിംഗ് റൂം. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഴികെ ആരെയും ഈ മുറികളിൽ പ്രവേശിക്കാൻ ഐസിസി അനുവദിക്കുന്നില്ല. ടീം അംഗങ്ങളെ പ്രധാനമന്ത്രി കാണേണ്ടിയിരുന്നത് പ്രൈവറ്റ് വിസിറ്റേഴ്‌സ് ഏരിയയിലെ ഡ്രസ്സിംഗ് റൂമിന് പുറത്ത് വെച്ചായിരുന്നു. ഒരു കായികതാരം എന്ന നിലയിലാണ് ഞാനിത് പറയുന്നത്, രാഷ്ട്രീയക്കാരനല്ല"- കീർത്തി ആസാദ് പറഞ്ഞു.
മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഈ പശ്ചാതലത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശം.