India
Rahul Gandhis visit to Kolar will be delayed

Rahul Gandhi

India

സ്ഥാനാർത്ഥി പട്ടിക പൂർത്തിയായില്ല; രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വൈകും

Web Desk
|
8 April 2023 9:44 AM GMT

രാഹുലിന് എം.പി സ്ഥാനം നഷ്ടമായ സാഹചര്യം കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപയോഗപ്പെടുത്താനാണ്‌ കോലാറിൽ പരിപാടി ആസൂത്രണം ചെയ്തത്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കർണാടകയിലെ കോലാർ സന്ദർശനം വൈകും. സംസ്ഥാന തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച തർക്കം തുടരുന്ന സാഹചര്യത്തിലാണ് സന്ദർശനം മാറ്റിയതെന്നാണ് വിവരം. രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന 'സത്യമേവ ജയതേ' കാമ്പയിന്റെ തുടക്കമായാണ് കോലാറിൽ ഏപ്രിൽ പത്തിന് പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ തിയ്യതിയിൽ പരിപാടി നടക്കില്ല, പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏപ്രിൽ അഞ്ചിനാണ് ആദ്യ പരിപാടി തീരുമാനിച്ചിരുന്നത്. പിന്നീട് ഒമ്പതാം തിയ്യതിയിലേക്കും പത്താം തിയ്യതിയിലേക്കും മാറ്റുകയായിരുന്നു. കോലാറിലും കർണാടകയിലെ പല മണ്ഡലങ്ങളിലും ഡി.കെ ശിവകുമാർ, സിദ്ധരാമയ്യ പക്ഷങ്ങൾ പല സീറ്റുകൾക്കായും തർക്കത്തിലാണ്. സിദ്ധരാമയ്യ ആദ്യ മണ്ഡലമായി വരുണ തിരഞ്ഞെടുത്തിരുന്നു. രണ്ടാം മണ്ഡലമായി അദ്ദേഹം കോലാറിനെ കാണുന്നതായി വാർത്തകളുണ്ടായിരുന്നു.

കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം പട്ടിക വന്നതോടെ വാക്‌പോരുകളുമായി ഇരു പക്ഷങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. മാണ്ഡ്യയിലടക്കം പ്രശ്‌നങ്ങളുണ്ട്. പരിപാടി നീണ്ടുപോകുന്നത് രാഹുലിന്റെ തിരക്ക് മൂലമാണെന്ന് പറയുന്നുണ്ടെങ്കിലും സീറ്റ് തർക്കമാണ് യഥാർഥ കാരണമെന്നാണ് വിവരം. കോലാറിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുലിന് എം.പി സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യം കർണാടകയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപയോഗപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് കോലാറിലടക്കം പരിപാടി ആസൂത്രണം ചെയ്തത്.

എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ 2019ലെ കോലാർ പ്രസംഗത്തിലെ ചോദ്യത്തിനെതിരെ ബി.ജെ.പി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. തുടർന്ന് രാഹുൽ കുറ്റക്കാരനാണെന്ന് സൂറത്ത് സി.ജെ.എം കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു. ശേഷം മാനനഷ്ടക്കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ അപ്പീൽ നൽകി. ഗുജറാത്ത് സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തിയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്.

സൂറത്ത് സി.ജെ.എം കോടതി ശിക്ഷാ വിധിയും കുറ്റക്കാരനെന്ന വിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകിയത്. ഹരജി പരിഗണിച്ച കോടതി, രാഹുൽ ഗാന്ധിയുടെ ജാമ്യം ഏപ്രിൽ 13 വരെ കോടതി നീട്ടി. 13ന് ഹരജി വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ച നിയമോപദേശം. വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും. വിധിക്ക് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്.


Rahul Gandhi's visit to Kolar will be delayed

Similar Posts