![രാഹുൽ വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു രാഹുൽ വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു](https://www.mediaoneonline.com/h-upload/2023/08/07/1382583-rahul.webp)
രാഹുൽ വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു
![](/images/authorplaceholder.jpg?type=1&v=2)
ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി.
ഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. രാഹുൽ ഇന്ന് പാർലിമെന്റിൽ എത്തും. രാഹുലിന്റെ ലോക്‌സഭാ പ്രവേശനം വൈകിയാൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനും കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തത്. ഇതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാം. പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്നു നടത്തിയ പരമാർശമാണ് കേസിനടിസ്ഥാനം. പൂർണേശ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23നു സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.