കോൺഗ്രസിലെ വിമതരെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ടെത്തുന്നു
|ജി 23 നേതാക്കന്മാരുമായി രാഹുൽ സംസാരിക്കും
കോൺഗ്രസിലെ വിമതരെ അനുനയിപ്പിക്കാൻ രാഹുൽഗാന്ധി നേരിട്ട് രംഗത്തിറങ്ങുന്നു. ഇന്നോ നാളെയോ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച .
ഭൂരിഭാഗം മുതിർന്ന നേതാക്കളും രാഹുൽഗാന്ധിയുമായി നേരിട്ട് സംസാരിച്ചിട്ട് മൂന്നു വർഷമാകുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കന്മാരുടെ കൈയ്യെത്താ ദൂരത്താണെന്നും ചില ആളുകൾക്കു മാത്രമാണ് കൂടിക്കാഴ്ചക്ക് അവസരം നൽകുന്നതെന്നുമടക്കമുള്ള എന്നുമുള്ള പരാതികൾ പരിഹരിക്കാൻ കൂടിയാണ് കൂടിക്കാഴ്ചയ്ക്ക് രാഹുൽ മുൻകൈയെടുത്തിരിക്കുന്നത്.
ഗുലാം നബി ആസാദിന്റെ വസതിയിൽ നടന്ന അത്താഴ വിരുന്നിനു ശേഷം രാഹുൽഗാന്ധിയെ സന്ദർശിച്ച ദീപീന്ദർ സിങ് ഹൂഡ മുതിർന്ന നേതാക്കളോട് തുറന്നു സംസാരിക്കാൻ തയാറാകണമെന്നു അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്നു. ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ ആദ്യം പാർട്ടിയിലെ യോജിപ്പാണ് അനിവാര്യമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. രാഹുലിന്റെ വിശ്വസ്തരായ പല നേതാക്കൻന്മാരും മറുകണ്ടം ചാടിയപ്പോഴും വിയോജിച്ചു കൊണ്ട് തന്നെ ഈ നേതാക്കൾ കോൺഗ്രസുകാരായി തുടരുകയായിരുന്നു. ഒരു സ്ഥാനമാനങ്ങൾ ഇല്ലെങ്കിൽ പോലും കോൺഗ്രസായി തുടരുമെന്നാണ് അറിയിച്ചത്. നേതാക്കന്മാർക്ക് രാഹുലിനെ നേരിട്ട് ബന്ധപ്പെടാനുള്ള വഴി തുറന്നു കിട്ടിയാൽ പകുതി പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ആശയങ്ങൾ മുതിർന്ന നേതാക്കളിൽ നിന്നും നേടാൻ കൂടിയാണ് കൂടിക്കാഴ്ചയ്ക്ക് രാഹുൽഗാന്ധി സമ്മതം മൂളിയിരിക്കുന്നത്.