India
നോട്ട് നിരോധിച്ചു, മൈക്ക് ഓഫ്... ചൈന കടന്നു കയറി മൈക്ക് ഓഫ്; പാർലമെൻറിലെ ബിജെപി നടപടികളെ പരിഹാസിച്ച് രാഹുൽ ഗാന്ധി
India

'നോട്ട് നിരോധിച്ചു, മൈക്ക് ഓഫ്... ചൈന കടന്നു കയറി മൈക്ക് ഓഫ്'; പാർലമെൻറിലെ ബിജെപി നടപടികളെ പരിഹാസിച്ച് രാഹുൽ ഗാന്ധി

Web Desk
|
10 Nov 2022 10:37 AM GMT

മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന ഭാരത് ജോഡോ യാത്ര സ്വീകരണത്തിലാണ് കേന്ദ്രത്തെ രാഹുൽ രസകരമായി വിമർശിച്ചത്

നന്ദേഡ്: ബിജെപി സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ പ്രതിപക്ഷ നേതാക്കൾ ഉയർത്തുമ്പോളുണ്ടാകുന്ന പാർലമെൻറിലെ മൈക്ക് ഓഫ് നടപടി ഉദാഹരണ സഹിതം കാണിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന ഭാരത് ജോഡോ യാത്ര സ്വീകരണത്തിലാണ് കേന്ദ്രത്തെ രാഹുൽ രസകരമായി വിമർശിച്ചത്. 'എന്താണ് അവർ ചെയ്യുന്നതെന്ന് നോക്കൂ... നോട്ടു നിരോധനത്തെ (2016) കുറിച്ച് നമ്മൾ സംസാരിക്കാൻ തുടങ്ങിയാൽ മൈക്ക് ഓഫാകും, ഇതുപോലെ' ഇത്രയും പറഞ്ഞ് രാഹുൽ മൈക്ക് ഓഫാക്കി. പിന്നീട് പുഞ്ചിരിയോടെ മൈക്ക് ഓണാക്കി. ഹിന്ദിയിൽ പറഞ്ഞു: 'ഇവിടെ എനിക്ക് നിയന്ത്രണമുണ്ട്. എന്നാൽ പാർലമെൻറിൽ ഇതുപോലെ മൈക്ക് ഓഫാക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് നാം ആശ്ചര്യപ്പെട്ടിരിക്കും'.

'ചൈനീസ് പട്ടാളം നമ്മുടെ 2000 സ്‌ക്വയർ കിലോമീറ്റർ കീഴടക്കി, അപ്പോൾ മൈക്ക് ഓഫാക്കി' രാഹുൽ കുറ്റപ്പെടുത്തി. 'അപ്പോൾ നമ്മൾ എന്തു പറയുന്നുവെന്നതിൽ കാര്യമില്ലല്ലോ. ആരും ഒന്നും കേൾക്കില്ല, കാണില്ല. മൈക്ക് ഓഫല്ലേ' കോൺഗ്രസ് സോഷ്യൽ മീഡിയ തലവ സുപ്രിയ ശ്രീനേറ്റ് പങ്കുവെച്ച വീഡിയോയിൽ രാഹുൽ പറഞ്ഞു. കോൺഗ്രസ് പറയുന്ന കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ പരിഗണിക്കാത്തതിനാലാണ് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡിയെയും ഷീഡിയെയും തങ്ങൾ ഭയക്കുന്നില്ലെന്നും പറഞ്ഞു.

പണപ്പെരുപ്പം, അഗ്‌നിപഥ്, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് പറഞ്ഞപ്പോഴും മൈക്ക് ഓഫാക്കൽ നടന്നുവെന്നും ട്വിറ്ററിലും രാഹുൽ ചൂണ്ടിക്കാട്ടി. ഇതാണ് പാർലമെൻറിലെ അവസ്ഥയെന്നും പറഞ്ഞു. 'പ്രധാനമന്ത്രീ... ജനങ്ങളുടെ ശബ്ദം താങ്കൾക്ക് അടിച്ചമർത്താനാകില്ല, അവയുടെ പ്രതിധ്വനി നിങ്ങളുടെ അഹന്തയെ തല്ലിത്തകർക്കും' രാഹുൽ ട്വിറ്ററിൽ കുറിച്ചു.

മഹാരാഷ്ട്രയിൽ ഭാരത് ജോഡോ യാത്രയുടെ നാലാം ദിവസമാണിന്ന്. 14 ദിവസമാണ് മഹാരാഷ്ട്രയിൽ യാത്ര ഉണ്ടാവുക. ആറ് പാർലമെന്റ് മണ്ഡലങ്ങളും 15 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന പദയാത്രയിൽ രാഹുൽ ഗാന്ധി 381 കിലോ മീറ്റർ സഞ്ചരിക്കും. രാവിലെ ആറു മുതൽ 10 വരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയും രണ്ട് ഘട്ടങ്ങളാണ് യാത്ര നടക്കുക.

1500ലേറെ കിലോമീറ്ററും അഞ്ചു സംസ്ഥാനങ്ങളും

1500 ലേറെ കിലോമീറ്ററും അഞ്ചു സംസ്ഥാനങ്ങളും പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര നവംബർ ഏഴിന് യാത്ര മഹാരാഷ്ട്രയിലെത്തിയത്. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് കടന്നത്. തെലങ്കാനയിൽ ബോളിവുഡ് നടി പൂജാ ഭട്ട്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എന്നിവരടക്കം നിരവധി പേർ യാത്രയുടെ ഭാഗമായി. അസം, ഒഡിഷ, ജാർഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയുടെ സന്ദേശമുയർത്തി പരിപാടികൾ നടന്നിരുന്നു.

രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ജനപ്രിയതക്ക് അടിവരയിട്ടുകൊണ്ടാണ് വിവിധ സംസ്ഥാനങ്ങളിൽ യാത്രക്ക് ലഭിക്കുന്ന സ്വീകരണം. ഇതുവഴി രാഹുൽ തന്റെ നേതൃപാടവം വിപുലപ്പെടുത്തിയോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പരിശോധിക്കുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയായി 3570 കിലോമീറ്റർ സഞ്ചരിക്കുന്ന 100 ഭാരത് ജോഡോ യാത്രികരിൽ ഒരാളാണ് താനെന്നാണ് രാഹുൽ പറയുന്നത്. പക്ഷേ രാഹുലിനെ മുൻനിർത്തിയുള്ള രാഷ്ട്രീയം തന്നെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു മാസത്തെ യാത്രക്കിടയിൽ സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളുമടക്കം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും നിരവധി വിഭാഗം ജനങ്ങളും ഭാരത് ജോഡോ യാത്രയുടെ ഭാഗമായിട്ടുണ്ട്. വിവിധയിടങ്ങളിൽ രാഹുലുമായി ചർച്ചകളും നടത്തി.

'അവരുടെ (ബിജെപി) ഏക അജണ്ട രാഹുൽ ഗാന്ധിയെ തകർക്കലാണ്. എന്നാൽ ഈ യാത്രയിൽ ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞുവെന്ന് പറയുന്നതിൽ എനിക്കേറെ സന്തോഷമുണ്ട്' ്കോൺഗ്രസ് പ്രസിഡൻറായി മല്ലികാർജുൻ ഖാർഗെ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇങ്ങനെയാണ് പ്രതികരിച്ചിരുന്നത്. 'രാജ്യത്ത് ആരെങ്കിലും ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കുമെങ്കിൽ അത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും, കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും, നമ്മുക്കത് സാധിക്കും, നമുക്ക് അതിനുള്ള കരുത്തുണ്ട്' എന്ന് പുതിയ പ്രസിഡൻറ് ഖാർഗെയും പറഞ്ഞിരുന്നു.

അതിനിടെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സുപ്രിയ ശ്രീനേറ്റ്, ജയറാം രമേശ് എന്നിവർക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് കമ്പനിയായ എംആർടി മ്യൂസിക് (MRT Music) പകർപ്പവകാശ ലംഘനത്തിന് കേസ് കൊടുത്തു. ഈ വർഷത്തെ ഹിറ്റ് ചിത്രം കെജിഎഫ് 2 ഹിന്ദി പതിപ്പിലെ ഹിന്ദി ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാൻ വൻ തുക മുടക്കിയതായി സംഗീത കമ്പനി പരാതിയിൽ പറയുന്നു.കോൺഗ്രസ് അനുവാദം വാങ്ങാതെ സിനിമയിൽ നിന്ന് ഗാനങ്ങൾ എടുക്കുകയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മാർക്കറ്റിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ അവ ഉപയോഗിക്കുകയും ചെയ്തുവെന്ന് എംആർടി മ്യൂസിക് പരാതിയിൽ പറയുന്നു. മൂന്ന് കോൺഗ്രസ് നേതാക്കൾക്കുമെതിരെ, സെക്ഷൻ 403, 465, 120 എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. IPC യുടെ 34 (പൊതു ഉദ്ദേശ്യം), 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻറെ സെക്ഷൻ 66, 1957-ലെ പകർപ്പവകാശ നിയമത്തിൻറെ 63-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസ്.

Congress leader Rahul Gandhi gave an example of mike-off in Parliament when opposition leaders raise issues that put the BJP government on the defensive.

Similar Posts