'രാഹുൽ പക്വതയുള്ള രാഷ്ട്രീയക്കാരനായി മാറി': അമർത്യാ സെൻ
|'ഭാരത് ജോഡോ യാത്ര രാജ്യത്തിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിച്ചു'
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പക്വതയുള്ള രാഷ്ട്രീയ നേതാവായി മാറിയെന്ന് നോബെൽ സമ്മാന ജേതാവ് അമർത്യാ സെൻ. മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ ഭരണകാലത്ത് പ്രതിപക്ഷത്തെ എങ്ങനെ നയിക്കുമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. 'ഭാരത് ജോഡോ യാത്ര' രാഹുലിനെ ദേശീയ നേതാവായി രൂപപ്പെടുത്തുക മാത്രമല്ല, രാജ്യത്തിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് സെൻ ഇക്കാര്യം പങ്കുവെച്ചത്.
'രാഹുൽ ഇപ്പോൾ കൂടുതൽ പക്വതയുള്ള വ്യക്തിയാണെന്ന് ഞാൻ കരുതുന്നു. ട്രിനിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് മുതൽ എനിക്ക് അവനെ അറിയാം. ആ സമയത്ത് അദ്ദേഹം എന്നെ സന്ദർശിച്ചു. എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തതയില്ലാത്ത ഒരാളായിരന്നു അന്ന് അദ്ദേഹം. രാഷ്ട്രീയം അദ്ദേഹത്തെ ആകർഷിക്കുന്നതായി തോന്നിയിരുന്നില്ല. ഇപ്പോൾ അദ്ദേഹം രാഷ്ട്രീയ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നുണ്ട്.
രാഷ്ട്രീയത്തിലെ തൻ്റെ ആദ്യ നാളുകളിൽ അദ്ദേഹം ചില ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടാകാം. എന്നാൽ വർഷങ്ങളുടെ പരിചയസമ്പത്ത് രാഹുലിനെ മികച്ച രാഷ്ട്രീയനേതാവാക്കി മാറ്റി. അദ്ദേഹത്തിൻ്റെ സമീപകാല പ്രകടനം അസാധാരണമാംവിധം മികച്ചതാണ്.'- സെൻ പറഞ്ഞു.
'താൻ വിദ്യാർഥിയായിരിക്കുമ്പോൾ, സഹപാഠികളിൽ ആരാണ് പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലാത്തതെന്ന് ചോദിച്ചാൽ മൻമോഹൻ സിങ് എന്ന് പറയുമായിരുന്നു. കാരണം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ താൽപ്പര്യമൊന്നും തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹം രാജ്യത്തെ ഒരു മികച്ച പ്രധാനമന്ത്രിയായി.'- അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാഹുലിനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്, അത്തരം സാധ്യതകൾ പ്രവചിക്കാൻ പ്രയാസമാണെന്ന് സെൻ പറഞ്ഞു.
'ഭാരത് ജോഡോ യാത്രയിൽ രാഹുൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യാത്ര ഇന്ത്യയ്ക്കും അദ്ദേഹത്തിനും ഒരുപോലെ നല്ലതാണെന്ന് താൻ കരുതുന്നു. രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിന്തകൾ, മുൻകാലത്തേക്കാൾ വളരെ വ്യക്തമാകാൻ യാത്ര സഹായിച്ചു.'- സെൻ കൂട്ടിച്ചേർത്തു.