India
രാഹുല്‍ മയക്കുമരുന്നിന് അടിമയെന്ന് കരുതുന്നില്ല : ബി.എസ് യെദ്യൂരപ്പ
India

രാഹുല്‍ മയക്കുമരുന്നിന് അടിമയെന്ന് കരുതുന്നില്ല : ബി.എസ് യെദ്യൂരപ്പ

Web Desk
|
20 Oct 2021 2:08 PM GMT

രാഹുൽഗാന്ധിയെ കര്‍ണ്ണാടക ബി.ജെ.പി പ്രസിഡണ്ട് മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചതിനോട് തനിക്ക് യോജിപ്പില്ലെന്ന് യെദ്യൂരപ്പ

രാഹുൽ ഗാന്ധിയെ താൻ ബഹുമാനിക്കുന്നുവെന്ന് കർണ്ണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞതിന് തൊട്ടുപിറകെയാണ് യെദ്യൂരപ്പയുടെ പ്രതികരണം. രാഹുൽഗാന്ധിയെ മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചതിനോട് തനിക്ക് യോജിപ്പില്ലെന്നും ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞത്.

'ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല'-നളിൻ കുമാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കർണാടക കോൺഗ്രസിന്‍റെ ട്വീറ്റ് ഏറെ വിവാദമായതിന് പിന്നാലെയാണ് രാഹുലിനെതിരെ ബി.ജെ.പി നേതാവിന്‍റെ വിവാദ പ്രസ്താവനയുണ്ടായത്. പ്രധാനമന്ത്രിക്കെതിരെ 'അങ്കുതാ ഛാപ്' എന്ന പ്രയോഗം ഉപയോഗിച്ച കോൺഗ്രസിന്‍റെ ട്വീറ്റിനെതിരെ കർണാടക ബി.ജെ.പി വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു.




Similar Posts