കോണ്‍ഗ്രസ് അടുത്ത കാലത്തൊന്നും കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല; പാര്‍ട്ടിയുടെ ദുരവസ്ഥക്ക് കാരണം രാഹുലെന്ന് ഗുലാം നബി ആസാദ്
|പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കേന്ദ്രത്തിനെതിരെ 70 പ്രസംഗം നടത്തി
ഡല്‍ഹി: താനടക്കമുള്ള പലരും കോണ്‍ഗ്രസ് വിടാന്‍ കാരണം രാഹുല്‍ ഗാന്ധിയാണെന്ന് പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.കോൺഗ്രസിൽ ഇല്ലാത്തതിന്‍റെ കാരണം രാഹുലാണോ എന്ന ചോദ്യത്തിന്, അതെ എന്ന് ആസാദ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.അദ്ദേഹത്തിന്‍റെ ആത്മകഥയായ ആസാദ് എന്ന പുസ്തകം പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് ഗുലാംനബി ആസാദ് ഇക്കാര്യം പറഞ്ഞത്.
അടുത്ത പതിറ്റാണ്ടിലൊന്നും കോണ്‍ഗ്രസിന് ഭരണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കേന്ദ്രത്തിനെതിരെ 70 പ്രസംഗം നടത്തി. എന്നാല്‍ അവയെല്ലാം അവഗണിച്ചുകൊണ്ട് മോദി തന്‍റെയടുത്ത് അനുഭാവപൂര്‍വം പെരുമാറിയെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. രാഹുല്‍ തന്നെ ബി.ജെ.പി ഏജന്‍റെന്ന് വിളിച്ചു. മാറ്റങ്ങള്‍ കൊണ്ടുവന്ന പാര്‍ട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാല്‍ രാഹുലും കൂട്ടരും മാറ്റത്തിനു തയ്യാറായിരുന്നില്ല. രാഹുലിന്‍റെ നേതൃത്വമില്ലായ്മയാണ് നിലവിലെ പാര്‍ട്ടിയുടെ അവസ്ഥക്ക് കാരണമെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ കുറിച്ചും ഗുലാം നബി ആസാദ് പ്രതികരിച്ചു. 'രാഹുല്‍ ഗാന്ധിക്കെതിരായ ആ നടപടി തെറ്റായിരുന്നു. അതേ സമയം 2013ലെ നിയമ നിര്‍മാണത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കണമായിരുന്നു. എന്നാല്‍ പാര്‍ട്ടി ഉപാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി തന്നെയാണ് അത് ചവറ്റു കുട്ടയില്‍ തള്ളിയത്. ഇപ്പോള്‍ അദ്ദേഹം തന്നെ ബുദ്ധിമുട്ടുന്നു', ഗുലാം നബി ആസാദ് പറഞ്ഞു. അന്നത്തെ മന്ത്രിസഭ വളരെ ദുര്‍ബലമായിരുന്നു എന്നും അന്ന് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ തലകുനിക്കാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ട് ആസാദ് പറഞ്ഞു, 'അവർ ഉന്നതരായ നേതാക്കളായിരുന്നു. അവരോടെല്ലാം എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയും ഞാനും വളരെ നല്ല സമവാക്യം പങ്കിട്ടവരാണ്. പാർട്ടിക്കുള്ളിൽ എങ്ങനെ ഐക്യം നിലനിർത്തണമെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.