India
Rahul promises removal of 50% cap on reservation
India

ജാതി സെൻസസ് തടയാൻ ഒരു ശക്തിക്കും കഴിയില്ല, സംവരണത്തിന്റെ 50% പരിധി ഇല്ലാതാക്കും: രാഹുൽ ഗാന്ധി

Web Desk
|
20 Oct 2024 5:34 AM GMT

സമൂഹത്തിന്റെ യഥാർഥ സ്ഥിതി മനസ്സിലാക്കാനുള്ള സോഷ്യൽ എക്‌സറേ ആണ് ജാതി സെൻസസ്. പക്ഷേ പ്രധാനമന്ത്രി അതിനെ എതിർക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആര് എതിർത്താലും ജാതി സെൻസസ് നടപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സംവരണത്തിന്റെ 50% പരിധി എടുത്തുകളയുമെന്നും അദ്ദേഹം ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ, സിബിഐ, ഇഡി, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്, മാധ്യമങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളെയും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഭാഗത്തുനിന്നടക്കം ഭരണഘടന വലിയ ആക്രമണം നേരിടുന്നുണ്ട്. ഭരണഘടന സംരക്ഷിക്കപ്പെടണം. പണത്തിന്റെ സംവിധാനങ്ങളുടെയും നിയന്ത്രണം ബിജെപിക്കാണെങ്കിലും തങ്ങൾക്ക് സത്യസന്ധതയുണ്ട്. പണമില്ലാതെയാണ് കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം നൂറുകണക്കിന് വർഷമായി തുടരുന്നതാണ്. ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. സമൂഹത്തിന്റെ യഥാർഥ സ്ഥിതി മനസ്സിലാക്കാനുള്ള ഒരു സോഷ്യൽ എക്‌സറേ ആണ് ജാതി സെൻസസ്. പക്ഷേ പ്രധാനമന്ത്രി അതിനെ എതിർക്കുകയാണ്. പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. 90 ഉന്നത ഐഎഎസ് ഓഫീസർമാരിൽ വെറും മൂന്നുപേർ മാത്രമാണ് പിന്നാക്ക വിഭാഗത്തിൽനിന്നുള്ളത്. ധനകാര്യമന്ത്രാലയം പോലുള്ള പ്രധാനപ്പെട്ട വകുപ്പുകളിൽ ഒരു ദലിതനോ ഗോത്ര വിഭാഗക്കാരനോ ഇല്ല. 250 കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളിലും ദലിത്, ഗോത്ര വിഭാഗങ്ങളിലെ ഒരാൾ പോലുമില്ലെന്നും രാഹുൽ പറഞ്ഞു.

ഗോത്ര വിഭാഗക്കാർക്ക് പ്രതീകാത്മക ബഹുമാനം മാത്രമാണ് ലഭിക്കുന്നത്. ആദിവാസി വിഭാഗത്തിൽനിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യത്തെ വ്യക്തിയാണ് ദ്രൗപദി മുർമു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനോ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കോ അവരെ ക്ഷണിച്ചില്ല. ഇത് ഭരണഘടനക്ക് മേലുള്ള അതിക്രമമല്ലാതെ മറ്റെന്താണ്?-രാഹുൽ ചോദിച്ചു.

ഗോത്ര വിഭാഗക്കാരുടെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും പാരമ്പര്യവും തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തദ്ദേശീയ ജനതയുടെ ചരിത്രവും സംസ്‌കാരം പുതുതലമുറയെ പഠിപ്പിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Similar Posts