India
rahul gandhi

രാഹുല്‍ ഗാന്ധി

India

രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്; പൊതുറാലിയെ അഭിസംബോധന ചെയ്യും

Web Desk
|
29 March 2023 4:59 AM GMT

2019ല്‍ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ ഹരജിയാണ് ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാന്‍ സൂറത്ത് കോടതി വിധിച്ചത്

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്. ഏപ്രില്‍ 5ന് നടക്കുന്ന പൊതുറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. മാനനഷ്ടക്കേസിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ പൊതുറാലിയാണിത്.

2019ല്‍ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ ഹരജിയാണ് ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാന്‍ സൂറത്ത് കോടതി വിധിച്ചത്. ഈ സാഹചര്യത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് കോലാറില്‍ തന്നെ രാഹുലിനെ പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. രാഹുലിന് പുറമെ പാർട്ടിയുടെ നിരവധി കേന്ദ്ര നേതാക്കളും റാലിയെ അഭിസംബോധന ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.എച്ച് മുനിയപ്പ പറഞ്ഞു. പാർട്ടി നേതാക്കളുമായി ആലോചിച്ച ശേഷം അന്തിമ സ്ഥലവും സമയവും തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

''ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.രാഹുലിന്‍റെ വളര്‍ച്ച സഹിക്കാന്‍ വയ്യാത്ത ചിലര്‍ അദ്ദേഹത്തെ ലക്ഷ്യമിടുന്നു. രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയുടെ ഓരോ നീക്കവും ഉറ്റുനോക്കുകയാണ്. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും അവരെ പാഠം പഠിപ്പിക്കും.'' മുനിയപ്പ പറഞ്ഞു. അതേസമയം, എം.എൽ.സിമാരായ നസീർ അഹമ്മദും അനിൽകുമാറും കോലാറിൽ ഉണ്ടായിരുന്നിട്ടും മുൻ കേന്ദ്രമന്ത്രിയുടെ അനുയായികൾ മാത്രമാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് മാനനഷ്ടക്കേസിന് ആധാരം- "ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.." എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദിയെന്ന പേരിനെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.

Related Tags :
Similar Posts