India
ajay mishra teni,rahul gandhi,loksabha election 2024,Election2024,LokSabha2024,അജയ് മിശ്ര,ലഖിംപൂര്‍ ഖേരി, ലോക്സഭാ തെരഞ്ഞെടുപ്പ്,
India

'ലഖിംപൂര്‍ ഖേരി ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കില്ല, വയനാടും റായ്ബറേലിയിലും രാഹുൽ തോൽക്കും'; അജയ് മിശ്ര

Web Desk
|
14 May 2024 3:13 AM GMT

കെജ്‍രിവാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ചലനവും സൃഷ്ടിക്കില്ലെന്നും അജയ് മിശ്ര മീഡിയവണിനോട്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കില്ലെന്ന വിശ്വാസത്തിൽ ബി.ജെ.പി. ലഖിംപൂര്‍ സംഭവത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ബി.ജെ.പി നേടിയെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനി 'മീഡിയവണി'നോട്‌ പറഞ്ഞു. കെജ്‍രിവാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ചലനവും സൃഷ്ടിക്കില്ല. സി.എ.എ യുമായി മുന്നോട്ട് പോകുമെന്നും സി.എ.എ രാജ്യത്തിന്റെ നിയമമായെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മകൻ ആശിഷ് മിശ്ര പ്രതിയായ കർഷക കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മിശ്ര മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കർഷകർ രണ്ടര വർഷമായി ഉന്നയിക്കുന്നു. മന്ത്രി സ്ഥാനം ഒഴിവാക്കിയില്ലെന്നു മാത്രമല്ല, ലഖിംപൂ ഖേരിയിൽ വീണ്ടും മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് നൽകുകയും ചെയ്തു. വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അജയ് മിശ്ര.

പ്രതിപക്ഷത്തിന് നേരെയും അജയ് മിശ്ര വിമർശനം ഉന്നയിച്ചു. 'വിജയിക്കാൻ വേണ്ടി ഓരോ സ്ഥലത്തും ഓടി നടക്കുന്ന ആളാണ്‌ രാഹുൽ ഗാന്ധി.രാഹുലിന് രാഷ്ട്രീയ ഗൗരവം ഇല്ല. ഇത്തവണ വയനാടും റായ്ബറേലിയിലും രാഹുൽ തോൽക്കും. കെജ്‍രിവാൾ ജൂൺ രണ്ടിന് ജയിലിൽ പോകേണ്ട ആളാണ്‌. 17-18 സീറ്റിൽ മാത്രമാണ് ആം ആദ്മിയുടെ മത്സരം. കെജ്‌രിവാളിന്റെ വാക്കുകൾ ആരും ചെവികൊള്ളില്ല. ഡൽഹിയിൽ 4 സീറ്റിൽ മാത്രമാണ് മത്സരം. പഞ്ചാബിലും മത്സരിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കെജ്‍രിവാൾ പ്രഭാവം ഉണ്ടാകില്ല.പത്ത് വർഷത്തെ മോദിയുടെ പ്രവർത്തനത്തിലാണ് ജനങ്ങൾക്ക് വിശ്വാസം. മോദി ഗ്യാരണ്ടി വഴിയിൽ ഉപേക്ഷിച്ചിട്ടുമില്ല..'. അദ്ദേഹം പറഞ്ഞു.


Similar Posts