'വിജയിക്കുമെന്ന് ദേശീയനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു'; കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ നേതാക്കൾക്ക് രാഹുലിന്റെ വിമർശനം
|കമൽനാഥ്,അശോക് ഗെലോട്ട്,ഭൂപേഷ് ബാഘേൽ എന്നിവർക്കാണ് രാഹുൽ ഗാന്ധിയുടെ വിമർശനം
ന്യൂഡൽഹി: കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ കമൽനാഥ്,അശോക് ഗെലോട്ട്,ഭൂപേഷ് ബാഘേൽ എന്നിവർക്ക് രാഹുൽ ഗാന്ധിയുടെ വിമർശനം. നിയമസഭ തെഞ്ഞെടുപ്പിൽ നേതാക്കൾക്ക് അടിത്തട്ടിലെ യാഥാർഥ്യം മനസിലായില്ലെന്നും വിജയിക്കുമെന്ന് ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും രാഹുൽ വിമർശിച്ചു..
ഹിന്ദി ഹൃദയഭൂമിയിലേറ്റ് കനത്ത പരാജയത്തിൽ കോൺഗ്രസ് ഒരു അവലോകന റിപ്പോർട്ട് കമ്മിറ്റിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പോലും യാഥാർഥ്യം വ്യക്തമാകുന്നില്ലെന്നാണ് രാഹുലിന്റെ വിമർശനം. മൂന്ന് നേതാക്കന്മാരും ഊതിപ്പെരുപ്പിച്ച കണക്കാണ് ദേശീയനേതൃത്വത്തിന് സമർപ്പിച്ചതെന്നും രാഹുൽ വിമർശിച്ചു. താഴേത്തട്ടിൽ ഏത് രീതിയിലാണ് ജനവികാരം ഉള്ളതെന്ന് അളന്നെടുക്കാനുള്ള ശേഷി ഇവർക്ക് ഇല്ലായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
കമൽനാഥിനൊപ്പം തോളോടു തോൾ തന്നെയാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ പോലും സമാജ്‌വാദി പാർട്ടിക്ക് രണ്ട് സീറ്റെങ്കിലും നൽകാമായിരുന്നുവെന്നാണ് ഇന്ന് പ്രവർത്തക സമിതിയിൽ ദിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടിയത്.