ആർ.എസ്.എസ് ആസ്ഥാനമുള്ള നാഗ്പൂരിലെ രാഹുലിന്റെ റാലി; ബി.ജെ.പിക്കെന്താണ് പേടി?
|കാർഷിക പ്രശ്‌നങ്ങളും പ്രത്യേക സംസ്ഥാനത്തിനായുള്ള ആവശ്യവും മുതലെടുത്താണ് കോൺഗ്രസ് കോട്ടയായിരുന്ന വിദർഭ പ്രദേശം ബിജെപി പിടിച്ചത്
ന്യൂഡൽഹി: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആർ.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ റാലി നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ പ്രതിപക്ഷ പാർട്ടികളും ബിജെപിയും തമ്മിൽ പുതിയൊരു പോർക്കളമാണ് തുറന്നിരിക്കുന്നത്.
'രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ നാഗ്പൂരിൽ വന്ന് റാലി നടത്തട്ടെ, നമുക്ക് ഒരു പ്രശ്‌നവുമില്ല, അത് ഞങ്ങളുടെ ജനപിന്തുണയെ ബാധിക്കുകയോ സൽപേരില്ലാതാക്കുകയോ ചെയ്യില്ല. എന്നാൽ റാലിയിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ പ്രതിപക്ഷം ശ്രമിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും' മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുലെ പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളയും വിഷയത്തിൽ അഭിപ്രായം പറഞ്ഞു. 'റാലി നടത്തുന്നത് ബിജെപി അത്ര എളുപ്പമാക്കില്ലെന്ന് ഞങ്ങൾക്കറിയാം, അനുമതി മുതൽ റാലി വേദി, ലോജിസ്റ്റിക്‌സ് എന്നിവ വരെയുള്ള ഞങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്, എന്നാൽ ജനാധിപത്യ രാജ്യത്ത് പൊതു റാലികൾ നടത്തുന്നതിൽ നിന്ന് ആർക്കും ആരെയും തടയാനാകില്ല' അദ്ദേഹം വ്യക്തമാക്കി.
'ഷിൻഡെ -ഫഡ്‌നവിസ് സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല. എല്ലാ പാർട്ടികൾക്കും റാലികളും യോഗങ്ങളും സംഘടിപ്പിക്കാൻ അവകാശമുണ്ട്, സംസ്ഥാന സർക്കാർ അങ്ങനെ ഇടപെടുമായിരുന്നുവെങ്കിൽ, കലാപങ്ങൾ നടന്ന സംഭാജി നഗറിലെ മഹാ വികാസ് അഘാഡി റാലി തടയുമായിരുന്നു' വിദർഭയിലെ മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
റാലിയേക്കാൾ ബിജെപിയെ സംബന്ധിച്ച് പ്രധാനം ഒ.ബി.സി പിന്തുണ നിലനിർത്തുകയാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും അവർ ബിജെപിയെയാണ് തുണച്ചിരുന്നത്. കോട്ടൺ ബെൽറ്റായ വിദർഭയിൽ നിലയുറപ്പിക്കേണ്ടത് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവർക്ക് പ്രധാനമാണ്.
2019ൽ വിദർഭ പ്രദേശത്തെ 62 നിയമസഭാ സീറ്റുകളിൽ 29 എണ്ണമാണ് ബിജെപി നേടിയത്. കോൺഗ്രസ് -15, എൻ.സി.പി-6, ശിവസേന-4, മറ്റുള്ളവർ-8 എന്നിങ്ങനെയും സീറ്റുകൾ നേടി. എന്നാൽ 2014ൽ ബിജെപി 44 സീറ്റുകൾ കയ്യിലാക്കിയിരുന്നു. കോൺഗ്രസ് പത്തും എൻസിപി ഒന്നും സീറ്റ് നേടി. ശിവസേന നാലും മറ്റുള്ളവർ മൂന്നുമായിരുന്നു നേടിയത്.
കാർഷിക പ്രശ്‌നങ്ങളും വിദർഭ സംസ്ഥാനത്തിനായുള്ള ആവശ്യവും മുതലെടുത്താണ് കോൺഗ്രസ് കോട്ടയായിരുന്ന പ്രദേശം ബിജെപി പിടിച്ചത്. പ്രതിപക്ഷത്തിരിക്കെ ബിജെപി ശക്തിയായി പിന്തുണച്ച വിദർഭ സംസ്ഥാന രൂപീകരണത്തിനായുള്ള ആവശ്യം 2014ൽ ഭരണപക്ഷത്തെത്തിയപ്പോൾ മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്രയെ വിഭജിക്കുന്നതിനെതിരെയുള്ള ശിവസേന നിലപാടായിരുന്നു കാരണം.
അതേസമയം, കേന്ദ്ര മന്ത്രി നിതിൻ ഖഡ്കരിയു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും നാഗ്പൂരിലേക്ക് വിവിധ പദ്ധതികൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. നിലവിൽ ബിജെപിയുടെ ആശങ്ക മഹാവികാസ് അഘാഡി ദലിത്-ഒ.ബി.സി വോട്ടുകൾ ഏകീകരിക്കുന്നതിലാണ്. 2019ൽ തേലി സമുദായത്തിന്റെ അമർഷം കാരണം ബിജെപിക്ക് പല സീറ്റുകളും നഷ്ടമായിരുന്നു. ചന്ദ്രശേഖർ ഭവൻകുലെക്ക് നിയമസഭാ സീറ്റ് നിഷേധിച്ചതായിരുന്നു അന്നത്തെ പ്രശ്‌നം. എന്നാൽ ഇദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറാക്കിയാണ് ബിജെപി പരിഹാരം ചെയ്തത്.
എട്ട് വർഷത്തിന് ശേഷം തീവ്ര ഹിന്ദുത്വ ആശയങ്ങൾ മുൻനിർത്തിയാണ് ബിജെപിയും ശിവസേനയുടെ ഷിൻഡെ വിഭാഗവും തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ലൗവ് ജിഹാദിനെതിരയുള്ള സകൽ ഹിന്ദു സമാജിന്റെ ജൻ ആക്രോഷ് റാലികൾ മുതൽ മി സവർക്കർ റാലികൾ വരെ ഇതിനായി ഉപയോഗിക്കപ്പെടുന്നു. സവർക്കറെ പരിഹസിച്ച് രാഹുൽ ഗാന്ധി 'മാഫിവീർ' പരാമർശം നടത്തിയതിന് നന്ദിയുണ്ടെന്നും അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും വീണ്ടും ഉയർത്തിക്കൊണ്ട് വന്നതെന്നും ദിവസങ്ങൾക്ക് മുമ്പ് നാഗ്പൂരിലെ റാലിയിൽ ഗഡ്കരി പറഞ്ഞിരുന്നു. രാഹുലിന്റെ റാലി നടക്കാനിരിക്കെ സവർക്കറിനെ മുൻനിർത്തിയുള്ള പ്രചാരണങ്ങളിലാണ് ബിജെപി പ്രവർത്തകർ. അതേസമയം, നരേന്ദ്ര മോദി സർക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്നതിലൂടെ വിദർഭയിൽ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാഹുൽ ഗാന്ധി. ആർഎസ്എസ് ആസ്ഥാനത്തിന് പുറമേ വേറെയും പ്രാധാന്യങ്ങൾ മഹാരാഷ്ട്രയിലെ ഓറഞ്ച് നഗരത്തിനുണ്ട്. 1956 ഒക്ടോബർ 14-ന് ദീക്ഷഭൂമിയിൽ ആയിരക്കണക്കിന് അനുയായികളോടൊപ്പം ഡോ.ബി.ആർ.അംബേദ്കർ ബുദ്ധമതം സ്വീകരിച്ചതും ഇവിടെയാണ്.
Rahul's rally at RSS HQ Nagpur; What is the BJP afraid of?