ട്രെയിനിലെ വിദ്വേഷക്കൊല; പ്രതി ചേതൻ സിങ്ങിനെ ആർ.പി.എഫ് പിരിച്ചുവിട്ടു
|ജൂലൈ 31നാണ് ചേതൻ സിങ് തന്റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയത്.
ന്യൂഡൽഹി: ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചേതൻ സിങ്ങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ആർ.പി.എഫ് സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മീഷണർ തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. ചേതൻ സിങ് നേരത്തെ മൂന്നു തവണയെങ്കിലും ഗുരുതര അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ 31നാണ് ചേതൻ സിങ് തന്റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയത്. അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രക്കാർ.
രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്ക് സമീപം നിന്ന് ഇന്ത്യയിൽ ജിവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ട് ചെയ്യണമെന്ന് ഇയാൾ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.